ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് നേതാക്കൾ. ഭാരത് ജോഡോ യാത്രയ്ക്കിടയിലാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ പരാമർശം. നൂറ് ശതമാനം ആരുടെയും പിന്തുണയില്ലാതെ ഞങ്ങൾ 150 സീറ്റുകൾ നേടും. കർണാടകയിലെ ജനങ്ങൾ 150 സീറ്റുകൾ നൽകി വ്യക്തമായ ഭൂരിപക്ഷത്തിൽ ഞങ്ങളെ അധികാരത്തിലെത്തിക്കുമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ ബല്ലാരിയിൽ പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ കഠിനാധ്വാനം ചെയ്യുന്നു. എന്നാൽ, ബിജെപിയും ആർഎസ്എസും സ്വയംഭരണ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും ദുരുപയോഗം ചെയ്യുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സ്ഥാനാർത്ഥി മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പാർലമെന്റിലും തെരുവിലും കോൺഗ്രസ് കേന്ദ്രസർക്കാറിനെതിരെ പോരാടും. തൊഴിലില്ലായ്മയും പണപ്പെരുപ്പവും കൊണ്ട് ജനം ബുദ്ധിമുട്ടുകയാണ്. ജിഡിപി വളർച്ച കുറയുന്നു. രൂപയുടെ മൂല്യം കുറയുന്നു. അതോടൊപ്പം പെട്രോൾ-ഡീസൽ, അവശ്യസാധനങ്ങളുടെ വില വർധിക്കുകയാണ്. സംഘടനയെ ശക്തിപ്പെടുത്തുകയും ബിജെപി-ആർഎസ്എസ് പ്രതികാര നയങ്ങൾക്കെതിരെ പോരാടുകയും ചെയ്യേണ്ടത് തന്റെ കടമയാണെന്നും ഖാർഗെ പറഞ്ഞു.
ബിജെപി രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കുകയാണെന്നും തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് അവരുടെ ലക്ഷ്യമെന്നും ഖാർഗെ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ നടക്കും. സ്ഥാനാര്‍ത്ഥികളായ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും തരൂരിന്‍റെയും പ്രചാരണം ഇന്നവസാനിക്കും. നാളെ രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. എഐസിസികളിലും പിസിസികളിലുമായി 67 ബൂത്തുകള്‍. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള വോട്ടര്‍മാര്‍ക്കായി ഒരു ബൂത്ത് ഒരുക്കും. എഐസിസിസി, പിസിസി അംഗങ്ങളായ 9,308 വോട്ടര്‍മാര്‍. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന് ശേഷം ബാലറ്റ് പെട്ടികള്‍ വിമാനമാര്‍ഗം ദില്ലിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണി ഫലപ്രഖ്യാപിക്കും.