ജയ്പൂർ ∙ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാൻഡ് പിന്തുണ യുവ നേതാവ് സച്ചിൻ പൈലറ്റിന്. കോൺഗ്രസ് അധ്യക്ഷനായാൽ അശോക് ഗെലോട്ട് മുഖ്യമന്ത്രി പദം ഒഴിയും. ഇതിനു മുന്നോടിയായി രാഹുൽ ഗാന്ധിയുമായി കൊച്ചിയിൽ വച്ച് ഗെലോട്ട് കൂടിക്കാഴ്ച നടത്തും.
പ്രസിഡന്റായാലും താൻ മുഖ്യമന്ത്രി സ്ഥാനത്തു തുടരുമെന്നാണ് കഴിഞ്ഞ ദിവസം ഗെലോട്ട് നൽകിയ സൂചന. പ്രസിഡന്റ്, മുഖ്യമന്ത്രി എന്നിവ തിരഞ്ഞെടുക്കപ്പെട്ട പദവികളാണെന്നും നാമനിർദേശത്തിലൂടെ ലഭിക്കുന്ന പദവികളാണ് പാർട്ടി നയത്തിന്റെ പരിധിയിൽ വരികയെന്നുമായിരുന്നു ഗെലോട്ടിന്റെ നിലപാട്.
മുഖ്യമന്ത്രിയായി അൽപനാളത്തേക്കെങ്കിലും തുടരാൻ അനുവദിക്കണമെന്ന് ഗെലോട്ട് ആവശ്യപ്പെട്ടാലും അതിനെതിരെ സച്ചിൻ പക്ഷം രംഗത്തുവരുമെന്ന് റിപ്പോർട്ടുണ്ട്. എംഎൽഎമാരിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണയുണ്ടെന്നതാണു ഗെലോട്ടിന്റെ ബലം. മുഖ്യമന്ത്രി പദം നഷ്ടമായാൽ, അതു സച്ചിനു ലഭിക്കാതിരിക്കാൻ വിശ്വസ്തരായ ശാന്തി ധരിവാൽ, പിസിസി പ്രസിഡന്റ് ഗോവിന്ദ് ദോതസര എന്നിവരുടെ പേരുകൾ ഗെലോട്ട് മുന്നോട്ടു വയ്ക്കും. മുതിർന്ന നേതാവും നിയമസഭാ സ്പീക്കറുമായ സി.പി.ജോഷിയും മുഖ്യമന്ത്രി പദത്തിനായി നീക്കമാരംഭിച്ചിട്ടുണ്ട്.
2008 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിനു തോറ്റ ജോഷിക്ക് മുഖ്യമന്ത്രി പദം തലനാരിഴയ്ക്കു നഷ്ടമായപ്പോൾ ഗെലോട്ട് ആ പദവിയിലെത്തി. 2018 ലെ തിരഞ്ഞെടുപ്പിൽ അന്നത്തെ പിസിസി പ്രസിഡന്റെന്ന നിലയിൽ പാർട്ടിയെ വിജയത്തിലേക്കു നയിച്ച സച്ചിനെ വെട്ടിയും ഗെലോട്ട് മുഖ്യമന്ത്രിയായി. ഗെലോട്ടിന്റെ തന്ത്രങ്ങൾക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ മുൻപ് വീണു പോയ സച്ചിനും ജോഷിയും ഉയിർത്തെഴുന്നേൽപ്പിനുള്ള വഴിയാണ് ഇപ്പോൾ തേടുന്നത്.