പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ ഭാര്യയും പാട്യാല എം.പിയുമായ പ്രിനീത് കൗറിനെ കോൺഗ്രസ് പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് സസ്‌പെൻഡ് ചെയ്തു. ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് നടപടി. പഞ്ചാബ് പി.സി.സി അധ്യക്ഷൻ അമരീന്ദർ സിങ് രാജയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും സമാന അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽനിന്ന് പുറത്താക്കാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ മൂന്ന് ദിവസത്തിനുള്ളിൽ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിനീത് കൗറിന് എ.ഐ.സി.സി കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. പഞ്ചാബ് കോൺഗ്രസിന്റെ മുഖമായിരുന്ന അമരീന്ദർ 2021 നവംബറിലാണ് പാർട്ടി വിട്ടത്. തുടർന്ന് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയെ ബി.ജെ.പിയിൽ ലയിപ്പിക്കുകയായിരുന്നു.