ന്യൂഡൽഹി∙ മിസോറം നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്കും ഭുരിപക്ഷമില്ലാതെ വന്നാൽ, ഭരണം പിടിക്കാൻ പ്രാദേശിക കക്ഷിയുമായി കൈകോർക്കുന്നതു കോൺഗ്രസിന്റെ പരിഗണനയിൽ. സംസ്ഥാനത്തു നിർണായക സ്വാധീനമുള്ള സോറാം പീപ്പിൾസ് മൂവ്മെന്റുമായി (എസ്പിഎം) സഖ്യമുണ്ടാക്കാൻ കോൺഗ്രസ് മുൻകയ്യെടുക്കുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. നിലവിലെ ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ടിനെ (എംഎൻഎഫ്) അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ ലക്ഷ്യമിട്ടാണിത്.
ദേശീയതലത്തിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുടെ ഭാഗമായ എംഎൻഎഫ് മിസോറമിൽ വീണ്ടും ഭരണം പിടിച്ചാൽ ബിജെപിയും അതിന്റെ ഭാഗമാകുമെന്നാണു കോൺഗ്രസിന്റെ വിലയിരുത്തൽ. മണിപ്പുർ കലാപത്തിന്റെ പശ്ചാത്തലത്തിൽ എംഎൻഎഫ് ബിജെപിയുമായി അകലം പാലിക്കുകയാണെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം അവർ കൈകോർക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതിനു തടയിടാനാണു സഖ്യമുണ്ടാക്കാനുള്ള ആലോചന.
നിലവിൽ വടക്കുകിഴക്കൻ മേഖലയിലെ 7 സംസ്ഥാനങ്ങളിലൊരിടത്തും കോൺഗ്രസ് അധികാരത്തിലില്ല. ലോക്സഭാ തിരഞ്ഞെടുപ്പും വൈകാതെ നടക്കാനിരിക്കെ മേഖലയിലേക്കുള്ള തിരിച്ചുവരവു കോൺഗ്രസിന് അനിവാര്യമാണ്. അതിനുള്ള വാതിൽ മിസോറം തുറക്കുമെന്നാണു പാർട്ടിയുടെ പ്രതീക്ഷ. നാളെ മുതൽ ബുധനാഴ്ച വരെ സംസ്ഥാനത്ത് രാഹുൽ ഗാന്ധി പ്രചാരണം നടത്തും.
മണിപ്പുർ കലാപത്തിനു ശേഷം വടക്കു കിഴക്കൻ മേഖലയിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പെന്ന നിലയിൽ മിസോറമിൽ എംഎൻഎഫിനും ബിജെപിക്കുമെതിരായ വിധിയെഴുത്തായി തിരഞ്ഞെടുപ്പിനെ ചിത്രീകരിക്കാനാണു കോൺഗ്രസ് ശ്രമം. 40 അംഗ സഭയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 5 സീറ്റ് മാത്രമാണു കോൺഗ്രസ് നേടിയത്.