തിരുവനന്തപുരം : കേരളത്തിൽ 50 ലക്ഷം പേരെ അംഗങ്ങളാക്കാനുള്ള പ്രവർത്തനവുമായി മുന്നിട്ടിറങ്ങാൻ കോൺഗ്രസ് തീരുമാനിച്ചു. സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അംഗത്വവിതരണം ഇക്കുറി റെക്കോർഡ് നേട്ടം തൊടണമെന്നാണ് ഇതിനായി വിളിച്ചുചേർത്ത നേതൃയോഗത്തിലെ ധാരണ. കഴിഞ്ഞ തവണ 33 ലക്ഷം പേരാണ് അംഗങ്ങളായത്. ഇക്കുറി 50 ലക്ഷം കൈവരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് കെപിസിസി പ്രകടിപ്പിച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും കേരളത്തിന്റെ വരണാധികാരി ജി.പരമേശ്വരയും അറിയിച്ചു. ഓൺലൈൻ അംഗത്വത്തിനാകും മുൻഗണനയെന്ന് പരമേശ്വര അറിയിച്ചു. ഇന്റർനെറ്റ് കണക്ടിവിറ്റിക്ക് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ അംഗത്വ ബുക്ക് ഉപയോഗിച്ചുള്ള വിതരണം ആകാം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ഇതിലൂടെ കോൺഗ്രസ് കടന്നെത്തും. 5 രൂപയാണ് അംഗത്വഫീസ്. ഫോട്ടോ പതിച്ച അംഗത്വ കാർഡിന് 10 രൂപ. കോൺഗ്രസ് അംഗമാകാൻ ആകെ 15 രൂപ. 18 വയസ്സ് കഴിഞ്ഞവർക്ക് അംഗമാകാം.
മാർച്ച് 31ന് അംഗത്വവിതരണം അവസാനിക്കും. ഏപ്രിലിൽ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കും. അതുവരെ പുന:സംഘടനാ പ്രക്രിയ തുടരുന്നതിനു വിലക്കില്ല. ഇക്കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി വ്യക്തമാക്കിയതായി പരമേശ്വര പറഞ്ഞു. എന്നാൽ പുന:സംഘടനയുടെ ഭാഗമായി ഇപ്പോൾ ബ്ലോക്ക് പ്രസിഡന്റാകുന്നവരും സംഘടനാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരും. അല്ലെങ്കിൽ തുടരാൻ കഴിയില്ല. മറ്റൊരാൾക്ക് പ്രസിഡന്റാകാം. അഴിച്ചുപണിയിലൂടെ സ്ഥാനങ്ങളിലേക്കു വരുന്നവർക്ക് തിരഞ്ഞെടുപ്പു ഘട്ടത്തിൽ വെറുതേ തുടരാൻ കഴിയുമെന്ന പ്രതീക്ഷ വേണ്ടെന്ന വ്യക്തമായ സൂചന പരമേശ്വര നൽകി.
കേരളത്തിൽ മാത്രമുള്ള യൂണിറ്റ് കമ്മിറ്റികൾ പാർട്ടി ഭരണഘടനയിൽ ഇല്ലാത്തതിനാൽ അതിൽ തിരഞ്ഞെടുപ്പ് ഉണ്ടാകില്ല. എന്നാൽ ആ കുടുംബ യൂണിറ്റുകൾക്ക് അംഗത്വ വിതരണത്തിൽ വലിയ പങ്കു വഹിക്കാൻ കഴിയും. കേരളത്തിലെ സിയുസി രൂപീകരണം അഭിനന്ദനാർഹമാണ്. മറ്റു സംസ്ഥാനങ്ങളിലും അതു പകർത്തണോ എന്നത് എഐസിസി തീരുമാനിക്കുമെന്നും പരമേശ്വര വ്യക്തമാക്കി.
കോൺഗ്രസ് കേഡർ പാർട്ടിയല്ല. വർധിച്ച സംഘടനാ ചിട്ടയോടെയും ജനാധിപത്യ സ്വഭാവത്തോടെയും അതു പ്രവർത്തിക്കണം. കേഡർ എന്നതു കൊണ്ടു താൻ ഉദ്ദേശിച്ചത് സമർപ്പണം എന്നു മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വിശദീകരിച്ചു. സെമി കേഡർ എന്താണെന്ന് അറിയില്ലെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞ കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഹസനു താൻ പറഞ്ഞുകൊടുത്തെന്നായിരുന്നു സുധാകരന്റെ മറുപടി.