കൊച്ചി : നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കി അന്വേഷണ സംഘം. കേസിൽ ഇയാളെ പ്രതിചേർത്തിരുന്നു. തെളിവ് നശിപ്പിക്കൽ വകുപ്പാണ് ഇയാൾക്കെതിരെ ചുമത്തിയത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലും ദിലീപിന്റെ അഭിഭാഷകന്റെ ഓഫിസിലും ദിലീപിന്റെ ഫോൺ വിവരങ്ങൾ സായ് ശങ്കർ നശിപ്പിച്ചതായി അന്വേഷകസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ പകർപ്പ് ദിലീപിനെ അറിയിക്കാതെ ഇയാൾ സൂക്ഷിച്ചു. ഈ വിവരങ്ങൾ അന്വേഷകസംഘത്തിന് ലഭിച്ചിരുന്നു. ഏഴാംപ്രതിയാണ് സായ് ശങ്കർ.
ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ അനൂപിനെയും സുരാജിനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. അതിജീവിതയുടെ പരാതിയിൽ അഭിഭാഷകനോട് ബാർ കൗൺസിൽ ഇന്ന് വിശദീകരണം തേടിയേക്കും. അതേസമയം ക്രൈംബ്രാഞ്ച് അന്വേഷകസംഘം ആലുവ മജിസ്ട്രേട്ട് കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപും കൂട്ടുപ്രതികളും കണ്ടിരുന്നതായും ഇതുസംബന്ധിച്ച് ദിലീപിന്റെ സഹോദരീഭർത്താവ് സുരാജ് അഭിഭാഷകനോട് പറഞ്ഞ സംഭാഷണം അന്വേഷകസംഘത്തിന് ലഭിച്ചതായാണ് സൂചന.
കേസിൽ ഇതുവരെ കണ്ടെത്തിയ മുഴുവൻ തെളിവുകളും ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ദിലീപിന്റെ അഭിഭാഷകരുടെ പങ്ക് അടക്കം വിശദീകരിച്ചിട്ടുണ്ട്. അഭിഭാഷകരെ പ്രതി ചേർത്തിട്ടില്ലെങ്കിലും അവർ ഏത് രീതിയിലാണ് തെളിവ് നശിപ്പിക്കലിൽ പങ്കാളിയായതെന്ന് റിപ്പോർട്ടിലുണ്ട്.