ആഗോള തലത്തിൽ തന്നെ ജനസംഖ്യ കുറയ്ക്കുന്നതിനുള്ള വലിയ പരിഹാര മാർഗമാണ് ഗർഭനിരോധന ഉപാധികൾ. ജനസംഖ്യ ക്രമാതീതമായി ഉയർന്ന പല രാജ്യങ്ങളിലും ഗർഭനിരോധന ഉപാധികൾക്ക് വലിയ പ്രചാരണമാണ് ഭരണകൂടങ്ങൾ നൽകിയിട്ടുള്ളത്. ജനസംഖ്യ കൂടിയ രാജ്യങ്ങളിൽ പലയിടത്തും ഇത് വലിയ ഗുണം ചെയ്യുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തുവരുന്ന വാർത്ത ഗർഭനിരോധന ഉപാധികൾക്ക് നിരോധനം ഏർപ്പെടുത്തി എന്നതാണ്. അഫ്ഗാനിസ്ഥാനിലെ പ്രമുഖ നഗരങ്ങളിലാണ് ഇതിനകം ഗർഭനിരോധന ഉപാധികൾക്ക് താലിബാൻ ഭരണകൂടം നിരോധനം ഏർപ്പെടുത്തിയത്.
അഫ്ഗാനിസ്ഥാന്‍റെ അധികാരം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ പല കാര്യങ്ങളും അടിച്ചേൽപ്പിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസ കാര്യത്തിലടക്കം താലിബാൻ ഭരണകൂടം കർശനമായ ഇടപെടൽ നടത്തുന്നതായും വാർത്തകൾ വന്നിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോൾ മുസ്ലിം ജനസംഖ്യ വർധിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പുതിയ നടപടിയും ഉണ്ടായിരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് ഗർഭനിരോധന ഉപാധികൾക്ക് താലിബാൻ ഭരണകൂടം പ്രമുഖ നഗരങ്ങളിൽ നിരോധനം ഏർപ്പെടുത്തിയത്. മറ്റിടങ്ങളിലും തീരുമാനം ഉടൻ തന്നെ അടിച്ചേൽപ്പിച്ചേക്കാം.
അഫ്ഗാനിലെ പ്രമുഖ നഗരങ്ങളിൽ സ്ത്രീകളുടെ ഗർഭ നിരോധന ഗുളികകൾ നിരോധിച്ച് കഴിഞ്ഞു. മറ്റ് ഗർഭ നിരോധന മാർഗങ്ങൾക്കും നിയന്ത്രണമുണ്ട്. മുസ്ലിം ജനസംഖ്യ കുറയ്ക്കാനുള്ള പാശ്ചാത്യ ഗൂഢാലോചനയാണ് ഗർഭനിരോധന ഉപാധികൾ എന്നാരോപിച്ചാണ് താലിബാൻ ഭരണകൂടത്തിന്‍റെ പുതിയ നടപടി. മുസ്ലിം ജനസംഖ്യ വർധിപ്പിക്കുന്നതിന് വേണ്ടി ഗർഭനിരോധന ഉപാധികൾ ഉപയോഗിക്കരുതെന്നും താലിബാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തന്നെ ഗർഭനിരോധന ഉപാധികളുടെ വിലക്കിന് പുറമേ വീട് വീടാന്തരം കയറിയിറങ്ങിയുള്ള ഭീഷണിപ്പെടുത്തലും താലിബാൻ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കുടുംബാസൂത്രണ ഉപാധികൾ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയാണ് താലിബാൻ ഭീഷണി മുഴക്കുന്നത് എന്നാണ് വ്യക്തമാകുന്നത്. ഇക്കാര്യം പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഗാർഡിയൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.