തിരുവനന്തപുരം : കോവിഡ് പോലെയുള്ള പകർച്ചവ്യാധികളുണ്ടാകുമ്പോൾ സമ്പർക്കം ഒഴിവാക്കിയുള്ള ചികിത്സയ്ക്കായി സ്ഥിരം ഐസലേഷൻ വാർഡുകൾ സജ്ജമാക്കുന്നു. 140 നിയോജക മണ്ഡലങ്ങളിലും ഓരോ ആശുപത്രികൾക്ക് അനുബന്ധമായാണ് 10 കിടക്കകളുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ഐസലേഷൻ വാർഡുകൾ നിർമിക്കുന്നത്. 35 നിയോജക മണ്ഡലങ്ങളിൽ നിർമാണം ആരംഭിച്ചതായി മന്ത്രി വീണ ജോർജ് അറിയിച്ചു. 90 മണ്ഡലങ്ങളിൽ വാർഡിന് ആവശ്യമായ സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. എംഎൽഎ ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി ഉപയോഗിച്ച് 250 കോടി ചെലവിലാണു പദ്ധതി. കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡിന് (കെഎംഎസ്‌സിഎൽ) ആണ് നിർവഹണ ചുമതല.
2400 ചതുരശ്ര അടി വിസ്തീർണത്തിലാണു വാർഡുകൾ നിർമിക്കുന്നത്. ഫാക്ടറിയിൽ നിർമിച്ച സ്ട്രക്ചറുകൾ കൊണ്ടുവന്നു കൂട്ടിയോജിപ്പിച്ച് അതിവേഗം കെട്ടിടം നിർമിക്കുന്ന പ്രീ എൻജിനീയറിങ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇനിയൊരു പകർച്ചവ്യാധിയുണ്ടായാൽ നേരിടാൻ ആരോഗ്യ മേഖലയെ കൂടുതൽ സജ്ജമാക്കുകയാണു പദ്ധതിയുടെ ലക്ഷ്യമെന്നു മന്ത്രി വീണ ജോർജ് അറിയിച്ചു.