തിരുവനന്തപുരം : സംസ്ഥാനത്ത് ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിനെ ചൊല്ലി വിവാദം. ആണവ നിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന വൈദ്യുതിമന്ത്രിയുടെ വിശദീകരണം ശരിയല്ലെന്ന വിവരങ്ങളും പുറത്തുവന്നു. കഴിഞ്ഞ വർഷം മുതൽ തുടങ്ങിയ ചർച്ചകളുടെ തുടർച്ചയായി നിലയം സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കൽപ്പാക്കം ആണവ നിലയം ചെയർമാൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. കടുത്ത വൈദ്യുതി പ്രതിസന്ധി മറികടക്കാനാണ് ആണവനിലത്തിന്‍റെ സാധ്യത കെഎസ്ഇബി പരിശോധിക്കുന്നത്. ഒന്നുകിൽ കൽപ്പാക്കം നിലയത്തിൽ നിന്ന് ആണവ വൈദ്യുതി വാങ്ങാം. അല്ലെങ്കിൽ അവിടെ കേരളത്തിന് പുറത്ത് നിലയം സ്ഥാപിച്ച് വൈദ്യുതി വാങ്ങാം. അതുമല്ലെങ്കിൽ കേരളത്തിൽ തന്നെ നിലയം സ്ഥാപിക്കാം. ഊർജ്ജവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി,ബാബാ ആറ്റമിക് റിസർച്ച് സെൻററുമായും കൽപ്പാക്കം ആണവ നിലയം ഭാവിനി ചെയർമാനുമായും കഴിഞ്ഞ വർഷം മുതൽ ചർച്ചകൾ നടത്തുന്നുണ്ട്.
ഇതിന്‍റെ തുടർച്ചയായാണ് ഭാവിനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെവി സുരേഷ് കുമാർ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ഇക്കഴിഞ്ഞ മെയ് 31ന് അയച്ച കത്തിൽ കേരളം ആണവ നിലയത്തിനായി സ്ഥലം കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. തീരത്താാണെങ്കിൽ 625 ഹെക്ടറും മറ്റിടങ്ങളിലാണെങ്കില്‍ 960 ഹെക്ടറും വേണമെന്നാണ് ആവശ്യം. ആണവ നിലയം സ്ഥാപിക്കാൻ അതിരപ്പള്ളിയും ചീമേനിയും കെഎസ്ഇബിയുടെ പരിഗണനയിലുണ്ട്. പക്ഷെ വിവരം പുറത്ത് വന്നതോടെ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഇക്കാര്യം നിഷേധിച്ചു. ആണവനിലയത്തോട് സിപിഎം എതിരാണ്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ നയപരമായ തീരുമാനമെടുക്കും മുമ്പ് കെഎസ്ഇബി ചർച്ചകൾ നടത്തിയ വിവരം പുറത്തുവന്നതിൽ സിപിഎമ്മിൽ അതൃപ്തിയുണ്ട്. മുഖ്യമന്ത്രി വൈദ്യുതിമന്ത്രിയുമായി സംസാരിച്ചു. ഇതേ തുടർന്നാണ് ചർച്ചകൾ നടത്തിയില്ലെന്ന മന്ത്രി വിശദീകരിച്ചത്. നാളെ ഭാവിനി ചെയർമാൻ അടക്കം വിവിധ നിലയങ്ങളുടെ പ്രതിനിധികളുമായ ഊർജ്ജവകുപ്പ് എസിഎസ് നാളെ നടത്താനിരുന്ന ചർച്ച മാറ്റിവെക്കാനിടയുണ്ട്.