കണ്ണൂര്‍: സര്‍വകലാശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ തന്നെ പറഞ്ഞതാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച് ഗവർണർ ചില ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാരിന്‍റെ നിലപാട് മനസിലാക്കാത്ത ആളല്ല ഗവര്‍ണറെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണറുടെ പരസ്യപ്രസ്താവന അങ്ങേയറ്റം ദുഃഖകരമാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
ഉന്നതവിദ്യാഭ്യാസ മേഖലകളെ കുറിച്ച് ഒട്ടേറ ചർച്ചകൾ ഉയർന്ന് വരുകയാണ്. എൽഡിഎഫ് പ്രകടന പത്രികയിൽ തന്നെ ഉന്നത വിദ്യാഭ്യാസ രംഗം ശാക്തീകരിക്കുന്നത് എടുത്ത് പറഞ്ഞിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന്‍റെ അലകും പിടിയും മാറണമെന്നാണ് പ്രകടന പത്രികയിലെ നിര്‍ദ്ദേശം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇനിയൊന്നും ചെയ്യേണ്ടതില്ലെന്ന അഭിപ്രായം സര്‍ക്കാരിനില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലാണ് ഇനി ശ്രദ്ധ വേണ്ടതെന്ന ബോധ്യം സര്‍ക്കാറിനുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല മുന്നോട്ട് പോകാൻ കൂടുതൽ ശാക്തീകരിക്കണം നടത്തണം. ഇക്കാര്യത്തില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമുള്ളത് ഒരേ അഭിപ്രായമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.