ദില്ലി: ഒരു ലക്ഷത്തിനടുത്ത് പ്രതിദിന രോഗികളുമായി രാജ്യത്ത് കൊവിഡിന്‍റെ ഉഗ്ര വ്യാപനം. രോഗവ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ പരിശോധന നിരക്കും ആശുപത്രികളിലെ സംവിധാനങ്ങളും അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവര്‍ത്തിച്ചു. നാളെ ആരോഗ്യ പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. അതിനിടെ രാജസ്ഥാൻ മുഖ്യമന്ത്രിക്ക് അശോക് ഗെഹ്ലോട്ടിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. അതിരൂക്ഷമായ രോഗ വ്യാപനമാണ് കൊവിഡ് മൂന്നാം തരംഗത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. ഒടുവില്‍ പുറത്ത് വന്ന കണക്കനുസരിച്ച് 90,928 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. 325 പേർ മരിച്ചു. പ്രതിദിന കൊവിഡ് വ്യാപനത്തില്‍ 65 ശതമാനത്തോളം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയിലും ദില്ലിയിലും കേരളത്തിലുമടക്കം വ്യാപനം അതി തീവ്രമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. 23 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇതിനോടകം 2630 പേര്‍ക്ക് ഒമിക്രോണും സ്ഥിരീകരിച്ചു.
രോഗവ്യാപനം രൂക്ഷമായ 7 സംസ്ഥാനങ്ങളോട് പരിശോധന നിരക്ക് കൂട്ടാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ജില്ലാ തലങ്ങളിലും പ്രാദേശിക തലങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ ഉറപ്പ് വരുത്തണം. ഡോക്ടര്‍മാരുടേയും, മെഡിക്കല്‍ സ്റ്റാഫുകളുടേതടക്കം മതിയായ സേവനം ആശുപത്രികളില്‍ ഉറപ്പ് വരുത്തണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. ഇതിനിടെ ഇറ്റലിയില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനമായ യൂറോ അറ്റ്ലാന്‍റിക് എയര്‍വെയ്സിലെത്തിയ 179 ല്‍ 125 യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ആര്‍ടിപിസിആര്‍ പരിശോധന നടത്തി എത്തണമെന്നാണ് നിര്‍ദ്ദേശമെന്നിരിക്കെ ഇത്രയും പേര്‍ എങ്ങനെ രോഗബാധിതരായി എന്നത് ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. അതിനിടെ യാത്രക്കാരെത്തിയത് എയര്‍ ഇന്ത്യ വിമാനത്തിലാണെന്ന തുടക്കത്തിലെ റിപ്പോര്‍ട്ടുകള്‍ എയര്‍ ഇന്ത്യ നിഷേധിച്ചു.