ലഖ്നോ: യു.പി വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിലെ ശേഷിക്കുന്ന നിലവറകളിലും എ.എസ്.ഐ സർവേ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജി വാരണാസി ജില്ല കോടതി ഫയലിൽ സ്വീകരിച്ചു. ഹരജിയിൽ ഫെബ്രുവരി 15ന് വാദം കേൾക്കും. ഗ്യാൻവാപി മസ്ജിദിലെ ‘വ്യാസ് കാ തഹ്ഖാന’ എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജക്ക് അനുമതി നൽകി കോടതി ഉത്തരവുണ്ടായതിന് പിന്നാലെയാണ് മറ്റ് നിലവറകളിൽ കൂടി സർവേ നടത്തണമെന്ന് ആവശ്യമുയർന്നിരിക്കുന്നത്. സനാതൻ സംഘ് സ്ഥാപക അംഗം രാഖി സിങ്ങാണ് ഹരജി നൽകിയത്.
ഗ്യാൻവാപിയുടെയും പരിസരത്തിന്‍റെയും മതപരമായ സ്വഭാവം കണ്ടെത്താൻ ശേഷിക്കുന്ന നിലവറകളുടെ സർവേ ആവശ്യമാണെന്ന് രാഖി സിങ് ഹരജിയിൽ വാദിച്ചു. അടച്ചിട്ടിരിക്കുന്ന നിലവറകളിൽ എ.എസ്.ഐ സർവേ നടത്തൽ ഇതിന് അനിവാര്യമാണെന്നും ഹരജിയിൽ പറഞ്ഞു. ഹരജിയിൽ എതിർവാദം ഉന്നയിക്കുമെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ചു.
ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താൻ വാരാണസി ജില്ല കോടതി ജനുവരി 31ന് അനുമതി നൽകിയിരുന്നു. മസ്ജിദിലെ സീൽ ചെയ്ത നിലവറകളിൽ തെക്കുഭാഗത്തുള്ള ‘വ്യാസ് കാ തഹ്ഖാന’ എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ അനുവാദം നൽകിയാണ് വിധി. ഹരജിക്കാരായ ഹിന്ദുവിഭാഗത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് നടപടി. തൊട്ടടുത്ത ദിവസം മുതൽ മസ്ജിദിൽ പൂജയും ആരംഭിച്ചിരുന്നു.
ഗ്യാൻവാപി പള്ളി നിർമിക്കുന്നതിനുമുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായി നേരത്തെ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ എ.എസ്.ഐ റിപ്പോർട്ട് നൽകിയിരുന്നു. പള്ളി നിർമാണത്തിന് നേരത്തേയുള്ള ക്ഷേത്രത്തിന്‍റെ തൂണുകളും മറ്റും ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഗ്യാൻവാപി പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ എ.എസ്.ഐ സർവേ നടത്തട്ടെ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് വിധിച്ചത്.