കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ പി. ബാലചന്ദ്രകുമാർ പോലീസിന് നൽകിയ പെൻഡ്രൈവിലെ ശബ്ദരേഖകളുടെ ഫയൽ സൃഷ്ടിച്ച തീയതി പരിശോധിക്കാൻ പ്രോസിക്യൂഷനോട് കോടതി. പെൻഡ്രൈവിന്റെ ആധികാരികത പരിശോധിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴാണ് കോടതി ഈ നിർദേശം നൽകിയത്.
സാക്ഷികളെ സ്വാധീനിക്കാൻ നടൻ ദിലീപ് ശ്രമിച്ചെന്നാരോപിച്ച് ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പുകളിലൊന്ന് കോടതിയിൽ പ്രോസിക്യൂഷൻ കേൾപ്പിച്ചു. ബാലചന്ദ്രകുമാറിന്റെ മൊഴിപ്രകാരം സാംസങ് ടാബ്ലെറ്റ് ഫോണിലാണ് ഓഡിയോ റെക്കോഡ് ചെയ്തതെന്നാണ് പറയുന്നത്. ടാബ്ലെറ്റ് ഫോൺ കേടായതിനാൽ ഓഡിയോ ക്ലിപ്പുകൾ ലാപ്ടോപ്പിലേക്കും പിന്നീട് പെൻഡ്രൈവിലേക്കും മാറ്റി. മൊബൈൽ ഫോണിൽനിന്ന് പെൻഡ്രൈവിലേക്ക് ഓഡിയോ ക്ലിപ്പുകൾ കൈമാറിയെന്ന പ്രോസിക്യൂഷന്റെ വാദത്തിന് വിരുദ്ധമാണ് മൊഴിയെന്നും ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. പെൻഡ്രൈവ് ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. ഈ വർഷം ഫെബ്രുവരിയിൽ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.
എന്നാൽ, ലൈംഗിക അതിക്രമത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിൽ കൃത്രിമം നടന്നിട്ടില്ലെന്ന് ഫോറൻസിക് വിദഗ്ധൻ ഹൈകോടതിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചതിന് തെളിവില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. സാക്ഷി വിപിൻ ലാലിന് ലഭിച്ചതായി അവകാശപ്പെടുന്ന ഭീഷണിക്കത്ത് ദിലീപിനെതിരെ കൃത്രിമമായി ഉണ്ടാക്കിയതാണ്. രത്നസ്വാമി എന്ന വ്യക്തിയുടെ സിം കാർഡ് ഉപയോഗിച്ച് ഗണേഷ് കുമാർ എം.എൽ.എയുടെ സഹായി പ്രദീപ് കുമാർ സാക്ഷിയുമായി ബന്ധപ്പെട്ടുവെന്നാണ് പ്രോസിക്യൂഷൻ വാദം. പ്രദീപ് കുമാറും ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന ആരോപണം തെളിയിക്കാൻ ഫോണിന്റെ ഐ.എം.ഇ.എ നമ്പർ നൽകാനും പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നടൻ ജയിലിൽ കിടന്നപ്പോൾ മുഖ്യസാക്ഷി സാഗറിനെ ആലപ്പുഴയിൽവെച്ച് അഭിഭാഷകൻ കണ്ടത് ജാമ്യവ്യവസ്ഥകളുടെ ലംഘനമല്ല. ആരാലും സ്വാധീനിച്ചിട്ടില്ലെന്ന് മറ്റൊരു സാക്ഷി ശരത്തും പറഞ്ഞിട്ടുണ്ട്. താൻ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ദിലീപിന്റെ മുൻ ജീവനക്കാരൻ ദാസന്റെ മൊഴി തെറ്റാണെന്നും അഭിഭാഷകൻ ആരോപിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ ജൂൺ ഏഴിന് വാദം തുടരാൻ കോടതി തീരുമാനിച്ചു.