തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപേക്ഷ കോടതി തള്ളി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നിലനിൽക്കുന്നതല്ലെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. കേസ് നിലനിൽക്കുന്നതിനുള്ള തെളിവുകൾ കുറ്റപത്രത്തിൽ ഉണ്ടെന്നും, കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നുമായിരുന്നു പരാതിക്കാരൻ വിനീതിന്റെ അഭിഭാഷകന്റെ മറുപടി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണു കേസ് പരിഗണിച്ചത്.
പൊതുസ്ഥലത്ത് അരങ്ങേറിയ ആക്രമണത്തിനു സ്വതന്ത്ര സാക്ഷികൾ ആരുമില്ലെന്നു സർക്കാർ അഭിഭാഷകൻ പറഞ്ഞു. എഫ്ഐആറിൽ ഒരു പ്രതിയെക്കുറിച്ചും പ്രത്യേകമായി എടുത്തു പറഞ്ഞിട്ടില്ല. പരാതിക്കാരൻ പൊലീസിനു നൽകിയ മൊഴിയിൽ അഞ്ചു പ്രതികൾ ഉണ്ടായിരുന്നു. പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തപ്പോൾ ഏഴു പ്രതികളായി. കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ നാലു പ്രതികൾ മാത്രമായി ചുരുങ്ങി.സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾക്കു തെളിവു നിയമത്തിലെ 65 (ബി) സർട്ടിഫിക്കറ്റ് ഇല്ലെന്നും കേസ് പിൻവലിക്കുന്ന അപേക്ഷയിൽ സർക്കാർ അഭിഭാഷകൻ കാരണമായി ചൂണ്ടിക്കാട്ടി. ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ രാഷ്‌ട്രീയ പ്രേരിതമായാണു പെരുമാറുന്നതെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു. കേസ് നിലനിൽക്കുന്നതിനുള്ള തെളിവുകൾ കുറ്റപത്രത്തിൽ ഉണ്ട്. ഇത്തരം കേസുകൾ പിൻവലിക്കുന്നതു സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും കേസിലെ ഒന്നാം സാക്ഷി വിനീത് സമർപ്പിച്ച തർക്ക ഹർജിയിൽ പരാതിക്കാരന്റെ അഭിഭാഷകൻ മറുപടി നൽകി.
2017 ജൂലൈ 28നാണ് ബിജെപി ഓഫിസ് ആക്രമിക്കപ്പെട്ടത്. മുൻ കോർപറേഷൻ കൗൺസിലറും പാളയം ഏരിയ കമ്മിറ്റി അംഗവുമായ ഐ.പി.ബിനു, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പ്രിജിൽ സാജ് കൃഷ്ണ, ജെറിൻ, സുകേശ് എന്നിവരാണ് കേസിലെ നാലു പ്രതികൾ. ഇവർക്കു കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.ബിനീഷ് കോടിയേരിയുടെ വീട് ആക്രമിക്കപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ബിജെപി ഓഫിസ് ആക്രമിക്കുന്നത്. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ അടക്കം ആറു കാറുകളും ഓഫിസ് ചില്ലുകളും എറിഞ്ഞ് തകർത്തതായാണ് കേസ്. ഹർജി കോടതി തള്ളിയത് ഇടതുപക്ഷ സർക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.