കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയിൽ പ്രതിക്കെതിരെ ഗുരുതര നിരീക്ഷണങ്ങൾ. എഡിഎമ്മിനെ അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചെന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ പറയുന്നു. തന്റെ സഹപ്രവർത്തക്കാരുടെയും ജീവനക്കാരുടെയും മുന്നിൽ അപമാനിതനായതിൽ മനം നൊന്ത് മറ്റു വഴികൾ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയത്. ആസൂത്രിതമായാണ് ദിവ്യ തന്നെ ക്ഷണിക്കാത്ത പരിപാടിയിലെത്തിയത്. ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് കോടതി ഉത്തരവിൽ നിരീക്ഷിച്ചിട്ടുണ്ട്. കുടുംബത്തിലെ ഉത്തരവാദിത്തം ജാമ്യം നൽകാൻ കാരണമല്ല. ക്ഷണിക്കാതെയാണ് ദിവ്യ പരിപാടിയിൽ പങ്കെടുത്തതെന്ന പ്രൊസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പ്രതി ഭാഗം ഹാജരാക്കിയ സിഡിയിൽ പ്രസംഗം ഭാഗികമായി മറച്ചുവെച്ചെന്ന വാദവും കോടതി അംഗീകരിച്ചെന്ന് 38 പേജ് ഉള്ള വിധിപ്പകർപ്പിൽ വ്യക്തമാകുന്നു. ജാമ്യത്തിനുള്ള വാദം തെളിയിക്കാൻ പ്രതിഭാഗത്തിന് സാധിച്ചില്ലെന്നും ഇതിലുണ്ട്.