പാലക്കാട്: അട്ടപ്പാടി മധുവധക്കേസിൽ കോടതിയെ തെറ്റിധരിപ്പിച്ച 29-ാം സാക്ഷി സുനിൽ കുമാറിൻ്റെ കാഴ്ച്ച പരിശോധിച്ച ഡോക്ടറെ കോടതി വിസ്തരിക്കും. നാളെ കോടതിയിൽ ഹാജരാകണമെന്ന് കാണിച്ച് ഇതിനായി ഡോക്ടർക്ക് നോട്ടീസ് നൽകി. ഇതിന് ശേഷം മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലേക്ക് കേസ് കൈമാറും.
അതേസമയം മധു വധക്കേസിൽ ഇന്ന് 36-ാം സാക്ഷി അബ്ദുൽ ലത്തീഫും കൂറുമാറി. തനിക്ക് കേസിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് അബ്ദുൽ ലത്തീഫ് കോടതിയിൽ പറഞ്ഞു. ഇതോടെ കേസിൽ ഇതുവരെ 21 സാക്ഷികൾ കൂറുമാറി.
വിചാരണക്കിടെ കോടതിയിൽ കാണിച്ച ദൃശ്യങ്ങളിൽ ഉള്ളത് താനല്ലെന്ന് ലത്തീഫ് പറഞ്ഞു. ഇതോടെ ദൃശ്യങ്ങളും പാസ്പോർട്ടിലെ ഫോട്ടോയും ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു .ഇക്കാര്യം സാക്ഷി സമ്മതിച്ചു. സാക്ഷി വിസ്താരം തുടങ്ങിയപ്പോൾ തന്നെ 36-ാം സാക്ഷി അബ്ദുൾ ലത്തീഫ് പൂർണമായി നിസഹകരിക്കുന്ന സമീപനമാണ് ഇന്ന് കോടതിയിൽ സ്വീകരിച്ചത്. മധു ആക്രമിക്കപ്പെട്ട സംഭവം തനിക്ക് അറിയില്ല എന്നായിരുന്നു അബ്ദുൾ ലത്തീഫിൻ്റെ നിലപാട്. തുടർന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആൾക്കൂട്ട ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു .
36-ാം സാക്ഷി അബ്ദുൾ ലത്തീഫിൻ്റെ ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കോടതിയിൽ കാണിച്ച ദൃശ്യങ്ങളിൽ താനല്ലെന്ന് സാക്ഷി ആവർത്തിച്ച സാഹചര്യത്തിലാണ് ഇത്. അതേസമയം പ്രതിഭാഗം കോടതിനടപടികൾ തടസ്സപ്പെടുത്തുകയാണെന്നും ഇതു തടയാൻ വിചാരണ നടപടികൾ ചിത്രീകരിക്കരിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു
എന്നാൽ ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന് അബ്ദുൽ ലത്തീഫ് പറഞ്ഞു. ഇതൊടെ അബ്ദുൽ ലത്തീഫിന്റെ പാസ്പോട്ടിലെ ഫോട്ടോയും , ദൃശ്യങ്ങളും ഫോറൻസിക് പരിശോധനക്ക് വിധേയമാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപെട്ടു. ഇക്കാര്യത്തിൽ നാളെ ഹർജി നൽകും. മധുവിൻ്റെ അമ്മ മല്ലി , സഹോദരി ചന്ദ്രിക , സഹോദരി ഭർത്താവ് മുരുകൻ എന്നിവരുടെ സാക്ഷിവിസ്താരം തിങ്കളാഴ്ച്ച നടക്കും.