ഡല്‍ഹി: ഇന്ത്യയുടെ തദ്ദേശീയ കോവിഡ് വാക്സീനായ കോവാക്സിന്‍ ബൂസ്റ്റര്‍ ഡോസിന്‍റെ രണ്ടാം ഘട്ട പരീക്ഷണ ഫലങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രതിരോധശേഷി വാഗ്ദാനം ചെയ്യുന്നു. ഗൗരവമായ പാര്‍ശ്വഫലങ്ങളില്ലാതെ ദീര്‍ഘകാലത്തേക്ക് പ്രതിരോധ ശക്തി നല്‍കാന്‍ കോവാക്സിന്‍ ബൂസ്റ്റര്‍ ഡോസ് പര്യാപ്തമാണെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രണ്ടാമത്തെ കോവിഡ് വാക്സീന്‍ ഡോസിന് ശേഷം കോവാക്സിന്‍ ബൂസ്റ്റര്‍ ഡോസ് ലഭിച്ചവരില്‍ CD4+ T-, CD8+ T സെല്‍ പ്രതികരണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായിട്ടുള്ളതായി ഭാരത് ബയോടെക് പറയുന്നു. മൂന്നാമത്തെ ഡോസിന് ശേഷം വൈറസിനെതിരെ നിര്‍വീര്യമാക്കുന്ന ആന്‍റിബോഡികളുടെ തോത് 19 മുതല്‍ 265 മടങ്ങ് വര്‍ധിച്ചതായും കമ്പനി ചൂണ്ടിക്കാട്ടി. കോവിഡിനെതിരെ ഒരു ആഗോള വാക്സീന്‍ പുറത്തിറക്കുക എന്ന ലക്ഷ്യം കൈവരിച്ചിരിക്കുന്നതായി ഭാരത് ബയോടെക് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. കൃഷ്ണ എല്ല അവകാശപ്പെട്ടു.
ഒമിക്രോണ്‍ അടക്കമുള്ള കൊറോണ വൈറസിന്‍റെ പുതിയ വകഭേദങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കാനായി രണ്ട് ഡോസ് വാക്സീന്‍ എടുത്തവര്‍ക്ക് നല്‍കുന്ന മുന്‍കരുതല്‍ ഡോസാണ് ബൂസ്റ്റര്‍ ഡോസ്. ഇന്ത്യയില്‍ ഈ കരുതല്‍ ഡോസിന്‍റെ വിതരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ മുന്‍നിര പോരാളികള്‍ക്കും 60 വയസ്സിന് മുകളില്‍ പ്രായമുള്ള സഹരോഗാവസ്ഥകളുള്ളവര്‍ക്കുമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക. നിലവില്‍ ഇന്ത്യയില്‍ കോവിഷീല്‍ഡിനും കോവാക്സിനും മാത്രമാണ് ബൂസ്റ്റര്‍ ഡോസായി അനുമതി ലഭിച്ചിരിക്കുന്നത്. മുന്‍പ് എടുത്ത വാക്സീന്‍ തന്നെ ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കാനാണ് ആരോഗ്യ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശം. കോവോവാക്സും കോര്‍ബേവാക്സും ബൂസ്റ്റര്‍ ഡോസായി ഇന്ത്യയില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല. റഷ്യയുടെ സ്ഫുട്നിക്കിന്‍റെ ബൂസ്റ്റര്‍ ഡോസിനെ പറ്റിയും വിവരങ്ങള്‍ ലഭ്യമല്ല. രണ്ടാമത്തെ ഡോസ് വാക്സീനും ബൂസ്റ്റര്‍ ഡോസും തമ്മില്‍ ഒന്‍പത് മുതല്‍ 12 മാസത്തെ ഇടവേള വേണമെന്ന് നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ശുപാര്‍ശ ചെയ്യുന്നു.