ന്യൂഡൽഹി: രണ്ടുവർഷമായി നാശം വിതക്കുന്ന കോവിഡ് മഹാമാരി അവസാനിക്കാറായെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ. കോവിഡ് മഹാമാരി ഇനി അധിക കാലം നീണ്ടുനിൽക്കില്ല അടുത്തുതന്നെ അവസാനിക്കും. കോവിഡിനെതിരെ പോരാടാനുള്ള ഏറ്റവും ശക്തമായ ആയുധം വാക്സിനേഷനാണെന്നും വാഷിങ്ടണിലെ ശാസ്ത്രജ്ഞനും വൈറോളജിസ്റ്റുമായി ഡോ. കുതുബ് മഹമൂദ് പറയുന്നു. അടുത്തുതന്നെ കോവിഡ് മഹാമാരി ഓടിയൊളിക്കും ജനങ്ങൾക്കായിരിക്കും യഥാർഥ വിജയം. വൈറസുകൾക്ക് വകഭേദം സംഭവിക്കുന്നതിനൊപ്പം മനുഷ്യ ശരീരത്തിന്റെ പ്രതിരോധ ശേഷിയിലും മാറ്റങ്ങളുണ്ടാകും. ഇതോടെ വൈറസ് മനുഷ്യ ശരീരവുമായി പൊരുത്തപ്പെടാൻ ശ്രമിക്കും. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വൈറസ് വ്യാപനം മനുഷ്യ ശരീരവും വൈറസും തമ്മിലുള്ള ചെസ് കളിക്ക് സമാനമാണെന്നും അദ്ദേഹം പറയുന്നു.
വൈറസുകൾ വകഭേദം സംഭവിച്ച് പുതിയ നീക്കം നടത്തുന്നതോടെ മനുഷ്യ ശരീരവും പുതിയ നീക്കങ്ങൾ കാഴ്ചവെക്കും. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം തുടങ്ങിയ ചെറിയ നീക്കങ്ങൾ മഹാമാരി തുടങ്ങിയതുമുതൽ മനുഷ്യൻ നടത്തിക്കൊണ്ടിരിക്കുന്നു. വാക്സിൻ, ആന്റി വൈറൽ, ആന്റിബോഡി തുടങ്ങിയ പുതിയ ആയുധങ്ങൾ നമ്മൾ പുറത്തെടുത്തുവെന്നും അദ്ദേഹം പറയുന്നു. ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽ 60 ശതമാനം പേർ വാക്സിൻ സ്വീകരിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഭാരത് ബയോടെക്കിന്റെ കോവാക്സിനെയും അദ്ദേഹം പ്രശംസിച്ചു. രണ്ടുവയസായ കുട്ടികളിൽ പോലും വാക്സിൻ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.