ന്യൂഡൽഹി∙ ചൈനയിൽ വ്യാപിക്കുന്ന കോവിഡ് വകഭേദം ബിഎഫ്.7 ഇന്ത്യയിൽ സ്ഥിരീകരിച്ചതിനു പിന്നാലെ മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കോവിഡ് നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് ആവർത്തിച്ച് ഐഎംഎ മാർഗനിർദേശം പുറത്തിറക്കി. മാസ്ക്, ശാരീരിക അകലം, സാനിറ്റൈസർ ഉപയോഗം എന്നിവ തുടരണം. ജനക്കൂട്ടം ഉണ്ടാകാനിടയുള്ള സാഹചര്യങ്ങളും രാജ്യാന്തര യാത്രകളും ഒഴിവാക്കണമെന്നും ഐഎംഎ മാർഗനിർദേശത്തിൽ പറയുന്നു.
പനി, തൊണ്ട വേദന, ചുമ, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണണം. കോവിഡ് ബൂസ്റ്റർ ഡോസ് എല്ലാവരും എത്രയുംപെട്ടെന്ന് എടുക്കണം. വിവാഹം, രാഷ്ട്രീയ–സാമൂഹിക യോഗങ്ങൾ തുടങ്ങി ആളുകൾ ഒത്തുകൂടുന്ന പരിപാടികൾ ഒഴിവാക്കണം. സർക്കാർ ഒരോ സമയങ്ങളിലും പുറത്തിറക്കുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഐഎംഎ നിർദേശിച്ചു.
ക്രിസ്മസും പുതുവര്‍ഷവും അടക്കം ഉല്‍സവ സീസണ്‍ കണക്കിലെടുത്ത് ജനങ്ങള്‍ മാസ്ക് ധരിക്കുന്നത് അടക്കം കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. ലോകസാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് പാര്‍ലമെന്‍റില്‍ നടത്തിയ പ്രസ്താവനയില്‍ മന്ത്രി പറഞ്ഞു. കോവിഡ് രൂപം മാറുകയാണ്. നമ്മെ വിട്ടുപോയിട്ടില്ല. പുതിയ വകഭേദങ്ങളുണ്ടാവുകയാണ്. മുന്‍കരുതല്‍ ഡോസ് നല്‍കാന്‍ സംസ്ഥാനങ്ങള്‍ മുന്‍കൈയെടുക്കണം. എല്ലാ പോസ്റ്റീവ് കേസുകളിലും ജനിതക ശ്രേണീകരണം നടത്തണം.
വിദേശത്തുനിന്നെത്തുന്ന വിമാനയാത്രക്കാരില്‍ ചിലരുടെ സാംപിള്‍ ശേഖരിച്ച് പരിശോധന നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയേക്കും.
യുഎസ്എ, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, ബ്രസീൽ എന്നീ രാജ്യങ്ങളിലായി 5.37 ലക്ഷം പുതിയ കേസുകളാണ് 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയത്. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 145 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ നാലു പേർക്ക് ബിഎഫ്.7 വകഭേദമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.