ന്യൂഡൽഹി : കോവിഡിനെതിരായ പ്രതിരോധം ശക്തമാക്കുന്നതിനിടെ രാജ്യത്ത് ഒമിക്രോൺ കേസുകൾ 358 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്ര (88), ഡൽഹി (67) തെലങ്കാന(38), തമിഴ്നാട് (34) കർണാടക (31) ,ഗുജറാത്ത് (30) കേരളം(27), രാജസ്ഥാൻ (22), എന്നിവിടങ്ങളിൽ ഒമിക്രോൺ കേസുകൾ കൂടുതലാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 6,650 പേര്‍ക്കാണ്. 7,051 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,42,15,977 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 374 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 77,516 പേർ. രോഗമുക്തി നിരക്ക് 98.40% ആയി ഉയർന്നു. 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്ന നിരക്ക് ആണ് ഇത്.
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.57 ശതമാനമാണ്. കഴിഞ്ഞ 81 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 40 ദിവസമായി ഒരു ശതമാനത്തിലും താഴെയാണ്, 0.59%. ആകെ നടത്തിയത് 66.98 കോടി പരിശോധനകൾ. ഇതുവരെ നൽകിയത് 140.31 കോടി ഡോസ് വാക്സീൻ. ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്നു സംസ്ഥാനങ്ങളോടു കേന്ദ്രം നിർദേശിച്ചു. ആവശ്യമെങ്കിൽ രാത്രി കർഫ്യൂ ഏർപ്പെടുത്താനും ആഘോഷങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാനും നിർദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വൈകിട്ട് കോവിഡ് സ്ഥിതിഗതികളെപ്പറ്റി നടത്തിയ അവലോകന യോഗത്തിലും ജാഗ്രത തുടരാനും മുൻ കരുതലെടുക്കാനും ആവശ്യപ്പെട്ടു. ഒമിക്രോൺ കേസുകൾ കൂടുന്നതിനിടെ മുൻകരുതലെന്ന നിലയിൽ മധ്യപ്രദേശിൽ രാത്രി 11 മുതൽ പുലർച്ചെ 5 വരെ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്നലെ തന്നെ പ്രാബല്യത്തിലായി. മധ്യപ്രദേശിൽ ഇതുവരെ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടില്ല.