ദുബൈ : കൊവിഡിനെതിരായ പോരാട്ടത്തില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് യുഎഇ. രാജ്യത്തെ ആരോഗ്യ – പ്രതിരോധ മന്ത്രാലയം പുറത്തുവിടുന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ 50 ദിവസമായി രാജ്യത്ത് ഒരു കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവില്‍ പതിനയ്യായിരത്തില്‍ താഴെ കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്. ചൊവ്വാഴ്‍ചയിലെ കണക്കുകള്‍ പ്രകാരം യുഎഇയില്‍ 207 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ]
336 രോഗികള്‍ സുഖം പ്രാപിക്കുകയും ചെയ്‍തു. ശരാശരി രണ്ടര ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ ഇപ്പോഴും എല്ലാ ദിവസവും രാജ്യത്ത് നടത്തിവരുന്നുണ്ട്. വാക്സിനേഷനില്‍ കൈവരിച്ച അതുല്യ നേട്ടമാണ് കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നതിലേക്കും രാജ്യത്ത് കൊവിഡ് മരണങ്ങള്‍ സംഭവിക്കുന്നത് തടയാനും സഹായകമായത്. 2.46 കോടിയിലധികം വാക്സിനുകളാണ് ഇതുവരെ രാജ്യത്ത് നല്‍കിയിട്ടുള്ളത്. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ലോകത്തിലെ ഉയര്‍ന്ന വാക്സിനേഷന്‍ നിരക്കുകളിലൊന്നാണിത്.
ജനുവരി ആദ്യത്തില്‍ പ്രതിദിന കൊവിഡ് കേസുകള്‍ മൂവായിരത്തിന് മുകളിലെത്തിയിരുന്നെങ്കിലും പിന്നീട് വളരെ വേഗത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം നിയന്ത്രിക്കാന്‍ സാധിച്ചു. പരിശോധന, യാത്രാ നിബന്ധനകള്‍, ആളുകള്‍ കൂട്ടം ചേരുന്നതിന് ഓരോ സമയത്തും കൊണ്ടുവന്ന നിയന്ത്രണങ്ങള്‍, സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയുള്ള പരിശോധനകള്‍ എന്നിവയിലൂടെയാണ് രോഗവ്യാപനം തടയാന്‍ സാധിച്ചത്. അടച്ചിട്ട സ്ഥലങ്ങളിലും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോഴും മാസ്‍ക് ധരിക്കേണ്ടതുണ്ടെങ്കിലും ഭൂരിഭാഗം കൊവിഡ് നിയന്ത്രണങ്ങളും രാജ്യത്ത് ഇതിനോടകം പിന്‍വലിച്ചിട്ടുണ്ട്. വാക്സിനെടുത്തവര്‍ക്ക് പിസിആര്‍ പരിശോധനയിലും ഇളവ് നല്‍കി. സ്‍കൂളുകള്‍ എല്ലാ കുട്ടികളെയും പ്രവേശിപ്പിച്ച് അധ്യയനം നടത്തുകയാണ്.