ന്യൂഡൽഹി : രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,928 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പോസിറ്റിവിറ്റി നിരക്ക് 6.43 ശതമാനമാണ്. പ്രതിദിന കേസുകളുടെ എണ്ണം കഴിഞ്ഞ ദിവസത്തെക്കാൾ 55 ശതമാനം ഉയർന്നു. 325 മരണങ്ങളും സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 4,82,876 ആയി ഉയർന്നു. 19,206 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 97.81 ശതമാനമാണ്. നിലവില്‍ 2,85,401 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.47 ശതമാനമാണ്. ഇതുവരെ 148.67 കോടി വാക്സീൻ ഡോസുകളാണ് വിതരണം ചെയ്തത്. അതേസമയം ഒമിക്രോൺ കേസുകളുടെ എണ്ണം 2,630 ആയി.
രാജ്യം പോകുന്നത് ഏറ്റവും ശക്തമായ കോവിഡ് വ്യാപനത്തിലേക്കെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ വൈറസിന്റെ വ്യാപനശേഷി (ആർ വാല്യു) ഇതുവരെയുള്ളതിൽവച്ച് ഏറ്റവും ഉയർന്ന നിരക്കായ 2.69 ആയി. ഇതനുസരിച്ച്, കോവിഡ് പിടിപെട്ട ഓരോ 10 പേരിൽ നിന്നു കുറഞ്ഞത് 26 പേരിലേക്കു വരെ പകരാൻ സാധ്യതയുണ്ട്. കഴിഞ്ഞ 8 ദിവസത്തിനിടെ, പ്രതിദിന കേസുകൾ 6.3 മടങ്ങ് വർധിച്ചു. ടിപിആറും കുത്തനെ കൂടി. കഴിഞ്ഞ ഡിസംബർ 29ന്, 0.79 ശതമാനം ആയിരുന്ന ടിപിആർ ഇന്നലെ 5.03 ശതമാനം ആയി.