ന്യൂഡൽഹി : 12 വയസ്സിനു താഴെയുള്ളവർക്കു കോവിഡ് വാക്സീൻ നൽകുന്നതിനു മുൻപ് ഈ പ്രായക്കാർക്കിടയിൽ സെറോ സർവേ നടത്തിയേക്കും. ദേശീയ പ്രതിരോധ കുത്തിവയ്പു പദ്ധതിയുമായി ബന്ധപ്പെട്ട വിദഗ്ധോപദേശക സമിതി ഈ നിർദേശം മുന്നോട്ടുവച്ചതായാണു വിവരം.
5–12 പ്രായക്കാർക്കു കൂടി വാക്സീൻ നൽകുന്ന കാര്യം ഇന്നലെ സമിതി ചർച്ച ചെയ്തെങ്കിലും തീരുമാനമുണ്ടായില്ല. ഇതിനിടെ, സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവോവാക്സ് കൂടി, 12 വയസ്സിനു മുകളിലുള്ളവർക്കു നൽകാൻ സമിതി നിർദേശിച്ചു. കഴിഞ്ഞ ഡിസംബറിൽ തന്നെ കോവോവാക്സ് 18 വയസ്സിനു മുകളിലുള്ളവർക്കു നൽകാൻ അനുമതിയുണ്ട്. ഇന്നലെ ചേർന്ന യോഗം വിഷയം ചർച്ച ചെയ്തെങ്കിലും ചെറിയ കുട്ടികളെ കോവിഡ് വാക്സീൻ കുത്തിവയ്പിന്റെ ഭാഗമാക്കേണ്ടതുണ്ടോയെന്ന കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ടായി.
സെറോ സർവേ
രക്തസാംപിൾ ശേഖരിച്ച്, വൈറസ് ബാധ വഴിയുള്ള ആന്റിബോഡി സാന്നിധ്യം പരിശോധിക്കുകയാണു സെറോ സർവേയിലൂടെ ചെയ്യുന്നത്.