ജനീവ : മറ്റു പ്രധാനപ്പെട്ട വകഭേദങ്ങളൊന്നും പൊട്ടിപ്പുറപ്പെട്ടില്ലെങ്കില്‍ ഈ വര്‍ഷത്തോടെ കോവിഡ് മഹാമാരിക്ക് അന്ത്യമാകുമെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍ ഇതിനര്‍ഥം കൊറോണ വൈറസ് പൂര്‍ണമായും അപ്രത്യക്ഷമാകുമെന്നല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ റഷ്യന്‍ പ്രതിനിധി മെലിറ്റ വുജ്നോവിക് ടാസ് വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആഗോള തലത്തില്‍ നിരവധി കേസുകള്‍ ഉണ്ടാകുന്നതിനാല്‍ വൈറസിന് ഇപ്പോഴും വ്യതിയാനം സംഭവിക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് മെലിറ്റ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഒമിക്രോണ്‍ ലോകം മുഴുവന്‍ പടരുന്നതോടെ ഇനി ഇത്തരം പ്രധാനപ്പെട്ട രോഗപകര്‍ച്ച ഉണ്ടാകില്ലെന്ന ശുഭാപ്തി വിശ്വാസം ഇവര്‍ പങ്കുവയ്ക്കുന്നു. ഇതെപ്പോള്‍ സംഭവിക്കുമെന്ന് പ്രവചിക്കാനുള്ള ശ്രമത്തിലാണ് ലോകാരോഗ്യ സംഘടയെന്നും മെലിറ്റ പറഞ്ഞു. എന്നാല്‍ രാജ്യങ്ങള്‍ തങ്ങളുടെ രോഗപരിശോധന നടപടികള്‍ അടിക്കടി മാറ്റുന്നതിനാല്‍ ഇക്കാര്യത്തില്‍ ബുദ്ധിമുട്ട് നേരിടുന്നതായി റഷ്യന്‍ പ്രതിനിധി പറഞ്ഞു.
ഒമിക്രോണ്‍ വളരെ വേഗം പടരുന്നുണ്ടെങ്കിലും ചില രാജ്യങ്ങള്‍ക്ക് എല്ലാവരെയും പരിശോധിക്കാനുള്ള പണമോ ചുറ്റുപാടുകളോ ഇല്ലെന്നും അഭിമുഖത്തില്‍ മെലിറ്റ വ്യക്തമാക്കി. നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍ ഇതിനാല്‍തന്നെ വൈറസ് വ്യാപനത്തിന്‍റെ യഥാര്‍ഥ ചിത്രം വരച്ചിടുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പല രാജ്യങ്ങളിലും ഒമിക്രോണ്‍ മൂലമുള്ള കേസുകള്‍ കുറഞ്ഞു വരുന്നുണ്ട്. ഇതിനാല്‍ പലരും നിയന്ത്രണങ്ങള്‍ നീക്കി തുടങ്ങി. സ്വീഡന്‍, ഡെന്‍മാര്‍ക്ക്, നോര്‍വേ പോലുള്ള രാജ്യങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ എല്ലാം തന്നെ അവസാനിപ്പിക്കുകയും സമൂഹത്തിന് ഭീഷണി ഉയര്‍ത്താത്ത രോഗമായി കോവിഡിനെ റീക്ലാസിഫൈ ചെയ്യുകയും ചെയ്തു. അമേരിക്കയും യുകെയുമെല്ലാം ഇതിന് തയാറെടുക്കുകയാണ്.
എന്നാല്‍ അത്രയും നിസ്സാരമാക്കി വൈറസിനെ എടുക്കേണ്ട സാഹചര്യത്തിലേക്ക് ലോകം ഇനിയും വന്നിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പറയുന്നു. വൈറസിന് കീഴടങ്ങാനോ അതിനെതിരെ വിജയം പ്രഖ്യാപിക്കാനോ ഏതെങ്കിലും രാജ്യം തീരുമാനിക്കുന്നത് അപക്വമാകുമെന്നാണ് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രയേസൂസ് പറയുന്നത്.