ന്യൂഡല്‍ഹി : യുഎസ് കമ്പനിയായ നോവവാക്സ് വികസിപ്പിച്ച്, ഇന്ത്യയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദിപ്പിക്കുന്ന ‘കോവോവാക്സ്’ വാക്സീന്റെ ഒരു കോടിയോളം ഡോസുകള്‍ സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറിയിലെ അവസാനവട്ട ഗുണപരിശോധനയ്ക്കു ശേഷം ഉപയോഗത്തിനു സജ്ജമായെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുന്നതോടെ കോവോവാക്സ് രാജ്യത്തെ വാക്സീന്‍ ദൗത്യത്തിന്റെ ഭാഗമായി മാറും. അടുത്തിടെ അനുമതി നല്‍കിയ കോവോവാക്സും കോര്‍ബെവാക്സും ബൂസ്റ്റര്‍ ഡോസുകളായാണോ ഉപയോഗിക്കുക എന്നു തീരുമാനിച്ചിട്ടില്ല. ഡിസംബര്‍ 28നാണ് ഡിസിജിഐ (ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ) കോവോവാക്സിന് അംഗീകാരം നല്‍കിയത്. കൊറോണ വൈറസിന്റെ ചില വകഭേദങ്ങള്‍ക്കെതിരെ ഉള്‍പ്പെടെ 89% ഫലപ്രദമെന്നാണു റിപ്പോര്‍ട്ട്.
കോവോവാക്സ് വാക്സീന്‍ 2 ഡോസ് 21 ദിവസത്തെ ഇടവേളയിലാണു നല്‍കുന്നത്. തോളിലാണു കുത്തിവയ്ക്കുക. വാക്സീന് ലോകാരോഗ്യസംഘടന അടിയന്തര ഉപയോഗാനുമതി നല്‍കിയിരുന്നു. 2 ഡോസ് വാക്സീന്‍ സാധാരണ റഫ്രിജറേറ്റര്‍ തണുപ്പില്‍ സൂക്ഷിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. പൂര്‍ണമായി ഇന്ത്യയില്‍ വികസിപ്പിച്ച മൂന്നാമത്തെ വാക്സീനായ കോര്‍ബെവാക്സിനൊപ്പമാണ് കോവോവാക്സിനും അനുമതി നല്‍കിയത്. കോര്‍ബെവാക്സിന്റെ 30 കോടി ഡോസിനു കേന്ദ്രം ബയോളജിക്കല്‍-ഇ കമ്പനിക്കു മുന്‍കൂര്‍ തുകയായി 1500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ അനുമതി നല്‍കിയ കോര്‍ബെവാക്സും കോവോവാക്സും പ്രോട്ടീന്‍ വാക്സീനുകളാണ്. ഇവ ഉയര്‍ന്ന ഫലപ്രാപ്തിയും ദീര്‍ഘകാല സുരക്ഷയും നല്‍കുമെന്നാണു വിലയിരുത്തല്‍. ഇന്ത്യ അംഗീകരിക്കും മുന്‍പ് ലോകാരോഗ്യ സംഘടന കോവോവാക്സിന് അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പിന്നാക്കരാജ്യങ്ങളിലേക്കു സീറം ഇന്‍സ്റ്റിറ്റ്യൂട്ട് കയറ്റുമതി നടത്തിയിരുന്നു. ഉയര്‍ന്ന ഫലപ്രാപ്തി പ്രധാന പ്രത്യേകതയാണ്. യഥാര്‍ഥ വൈറസിന്റെ സ്പൈക് പ്രോട്ടീനില്‍നിന്ന് എസ് ജീനിനെ വേര്‍തിരിച്ചെടുത്താണ് ഉപയോഗിക്കുന്നത്.
കൊറോണ വൈറസിനെ മനുഷ്യകോശത്തിലേക്കു തുളച്ചുകയറാന്‍ സഹായിക്കുന്ന സ്പൈക് പ്രോട്ടീനിലെ മാറ്റമാണ് ഒമിക്രോണിനെ കൂടുതല്‍ അപകടകാരിയാക്കുന്നത്. മുപ്പതിലധികം ജനിതക മാറ്റങ്ങള്‍ സ്പൈക് പ്രോട്ടീനില്‍ സംഭവിച്ചിട്ടുണ്ടെന്നും ഇത് ഒമിക്രോണിനെ കൂടുതല്‍ വ്യാപനശേഷിയുള്ളതാക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ ആശങ്കയ്ക്കു പരിഹാരമാണ് പുതിയ വാക്സീനുകള്‍. കോര്‍ബെവാക്സിന്റെ 50 ലക്ഷം ഡോസുകള്‍ ഹിമാചല്‍ പ്രദേശിലെ സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറിയില്‍ അവസാനവട്ട ഗുണപരിശോധനയ്ക്കായി എത്തിച്ചതായി അധികൃതര്‍ വ്യക്തമാക്കി. കോവോവാക്സിന്റെ 96 ലക്ഷം ഡോസുകള്‍ കൂടി അന്തിമവട്ട പരിശോധനയിലാണ്.