തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ ആനിരാജയെയും തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനെയും തൃശൂരിൽ വി.എസ്. സുനിൽകുമാറിനെയും മാവേലിക്കരയിൽ സി.എ.അരുൺകുമാറിനെയും മത്സരിപ്പിക്കാൻ സി.പി.ഐയിൽ ധാരണ. വെള്ളിയാഴ്ച ജില്ല കമ്മിറ്റികൾ ചേർന്ന് പട്ടികക്ക് അംഗീകാരം നൽകും.
സി.പി.എം സ്ഥാനാർത്ഥികളുടെ സാധ്യതാപട്ടികക്ക് ഇന്നലെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ അംഗീകാരമായിരുന്നു. പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്. ഹംസ, പത്തനംതിട്ടയിൽ ടി.എം. തോമസ് ഐസക്, വടകരയിൽ കെ.കെ. ശൈലജ,ആറ്റിങ്ങലിൽ വി. ജോയ്, എറണാകുളത്ത് കെ.ജെ. ഷൈൻ, ഇടുക്കിയിൽ ജോയ്‌സ് ജോർജ്, കൊല്ലത്ത് എം. മുകേഷ്, ആലപ്പുഴയിൽ എ.എം. ആരിഫ്, ചാലക്കുടിയിൽ സി. രവീന്ദ്രനാഥ്, കോഴിക്കോട്ട് എളമരം കരീം എന്നിവർ മത്സരിക്കും.
കണ്ണൂർ- എം.വി. ജയരാജൻ, കാസർകോട് -എം.വി. ബാലകൃഷ്ണൻ, മലപ്പുറം -ഡി.വൈ.എഫ്.ഐ നേതാവ് വി. വസീഫ്, പാലക്കാട് – എ. വിജയരാഘവൻ, ആലത്തൂർ – കെ. രാധാകൃഷ്ണൻ എന്നിവരും മത്സരിക്കും. പട്ടികയിൽ രണ്ട് വനിതകൾ മാത്രമാണുള്ളത്. കെ.കെ. ശൈലജയും എറണാകുളത്ത് മത്സരിക്കുന്ന കെ.ജെ. ഷൈനുമാണ് പട്ടികയിലെ വനിതകൾ. സംസ്ഥാനത്ത് 15 മണ്ഡലങ്ങളിലാണ് സി.പി.എം മത്സരിക്കുന്നത്. 27ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.