തൃശൂർ : കെ റെയിലിൽ ജനങ്ങളുടെ ന്യായമായ ആശങ്കകൾ പരിഹരിക്കുമെന്ന് സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനത്തെ സ്നേഹിക്കുന്നവരും അഭിപ്രായം പറയുന്നുണ്ട്. പരാതികളിൽ കഴമ്പുണ്ടോയെന്ന് ഇടതുപക്ഷം പരിശോധിക്കും. സർക്കാർ പ്രവൃത്തികളിൽ സദുദേശത്തോടെയുള്ള വിമർശനങ്ങളിൽ തിരുത്തലുണ്ടാവും. എന്നാൽ ദുഷ്ടലാക്കോടെയുള്ള വിമർശനങ്ങൾ അംഗീകരിക്കാനാവില്ല. സിപിഐ എം ജില്ലാ പ്രതിനിധി സമ്മേളനം തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ (കെ വി പീതാംബരൻ, കെ വി ജോസ് നഗർ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ഭാവി വികസനത്തിന് റോഡ് വികസനവും അനിവാര്യമാണ്. എന്നാൽ ജനസാന്ദ്രത മൂലം പരിമിതിയുണ്ട് ഇന്ത്യയിൽ വാഹന സാന്ദ്രത ആയിരം മനുഷ്യന് ഒന്നാണ്. എന്നാൽ കേരളത്തിൽ 32ൽ ഒന്നാണ്. ഗ്രാമങ്ങൾ നഗരങ്ങളായി മാറി. ഈ സവിശേഷത കണക്കിലെടുത്താണ് അർധ അതിവേഗ പാതയെന്ന പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി റോഡിലിറങ്ങുന്ന കാറുകളുടെ എണ്ണം 30 ശതമാനം കുറയും. 30 ശതമാനം കാർബൺ ബഹിർഗമനം കുറയ്ക്കാൻ കഴിയും. പാരിസ്ഥിതിക പ്രശ്നങ്ങളും കാലാവസ്ഥ വ്യതിയാനവും അന്തരീക്ഷ മലിനീകരണ പ്രശ്നങ്ങളും ഗണ്യമായി കുറയും. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ പ്രകടനപത്രിക, പ്രവർത്തന പത്രികയായി മാറി. ഒരിക്കലും നടപ്പാകില്ലെന്ന് കരുതിയ പദ്ധതികളും നടപ്പായി. ജനങ്ങൾ തുടർഭരണവും സമ്മാനിച്ചു. ഇടതുപക്ഷ സർക്കാരിന്റെ കാര്യക്ഷമതയിൽ പ്രതിപക്ഷപാർടികൾക്ക് അങ്കലാപ്പുണ്ട്. ഇതാണ് വിവാദങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നത്.