തിരുവനന്തപുരം : കെ റെയിൽ വിഷയത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ സിപിഎം. സിൽവർ ലൈനിനെതിരായ പ്രചാരണം ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന് സിപിഎം വിമര്‍ശിച്ചു. കേന്ദ്രം തത്വത്തിൽ അനുമതി നൽകിയ പദ്ധതിക്കെതിരെ കേന്ദ്രമന്ത്രി വീടുകയറുന്നു. സുപ്രീംകോടതിയും പദ്ധതിക്ക് അനുമതി നൽകി. വി മുരളീധരൻ്റെ നടപടി വിരോധാഭാസമാണെന്ന് സിപിഎം വിമര്‍ശിച്ചു. മുരളീധരൻ്റേത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള പരിശ്രമമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പില്‍ പറയുന്നു.
വി മുരളീധരനെതിരെ വിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. വികസനവിഷയത്തിൽ അദ്ദേഹം കേരളത്തിലെ ജനങ്ങൾക്കൊപ്പം നിൽക്കുകയാണ് വേണ്ടതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. വികസന കാര്യത്തെകുറിച്ച് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി ഇത് വരെ സംസാരിക്കുന്നത് കേട്ടിട്ടില്ലെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു. കുതിരാൻ വിഷയത്തിലും സംസ്ഥാനത്തെ എതിർക്കുന്ന നടപടി വി മരളീധരനിൽ നിന്നുണ്ടായി. അന്നും കേരളത്തിൽ നിന്നുള്ള മന്ത്രിമാർ മറുപടി പറഞ്ഞിട്ടില്ലെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.
വി മുരളീധരൻ സംസ്ഥാന സർക്കാർ വാഹനവും പൊലീസ് സംവിധാനവും ഉപയോഗിച്ച് ബിജെപിയുടെ സമരം നടത്താൻ പോകുന്നു. ഇത് വളരെ മോശം കാര്യമാണെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിൽ വിശ്വസിക്കുന്നുവെങ്കിൽ സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക വാഹനവും മറ്റ് സംവിധാനവും ഉപേക്ഷിച്ച് ബിജെപിയുടെ വാഹനത്തിലാണ് കെ റെയിൽ വിരുദ്ധ സമരത്തിന് പോകേണ്ടത്. കെ റെയിലിന് പിന്തുണ ഏറുകയാണ്. സർക്കാരിൻ്റെ സൗകര്യമുപയോഗിച്ച് സർക്കാരിനെതിരെ സമരത്തിനിറങ്ങുന്നത് നാണക്കേട് ആണ്. ഒരു വികസന പദ്ധതിക്കെതിരെ കേന്ദ്ര മന്ത്രി തന്നെ ഇറങ്ങുന്നത് അപൂർവ്വമാണ്. കേന്ദ്ര മന്ത്രി എന്ന നിലയിൽ ഒരു മൊട്ടുസൂചിയുടെ പ്രയോജനം പോലും കേരളത്തിന് വേണ്ടി വി മുരളീധരൻ ചെയ്യുന്നില്ലെന്നും വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു.