പേരാമ്പ്ര : ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ആവളയിൽ സി.പി.എം – സി.പി.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. സി.പി.എം പ്രവർത്തകരായ പീടികയുള്ളതിൽ പ്രമോദ് (50), സായന്ത് കേളിക (22) എന്നിവർക്ക് പരിക്കേറ്റു. ഇവർ പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
പന്നിമുക്ക് – ആവള റോഡ് നിർമാണ പ്രവൃത്തി പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് മഠത്തിൽ മുക്കിൽ സി.പി.ഐ നേതൃത്വത്തിൽ നടത്തിയ റോഡ് ഉപരോധ സമരത്തിനിടെയാണ് സംഘർഷമുണ്ടായത്. റോഡ് ഉപരോധം ചോദ്യം ചെയ്ത സി.പി.എം പ്രവർത്തകരെ സി.പി.ഐക്കാർ മർദിക്കുകയായിരുന്നു എന്നാണ് പരാതി. മുന്നറിയിപ്പ് ഇല്ലാതെ സമരം നടത്തിയത് നിരവധി യാത്രക്കാരെ പ്രയാസത്തിലാക്കിയെന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നു.
റോഡ് പ്രവൃത്തി മുടങ്ങിക്കിക്കുന്നതു കാരണം രണ്ട് വർഷത്തോളമായി ആളുകൾ പ്രയാസപ്പെടുകയാണ്. ഇത് അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് സമരം നടത്തിയതെന്ന് സി.പി.ഐ ചൂണ്ടികാണിക്കുന്നു. എൽ.ഡി.എഫിൽ സി.പി.ഐക്ക് പ്രസിഡന്റ് പദമുള്ള പഞ്ചായത്താണ് ചെറുവണ്ണൂർ. ഇവിടെ ഘടക കക്ഷികൾ തമ്മിലുണ്ടായ സംഘർഷം വേഗം പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് നേതൃത്വം.