കണ്ണൂർ: ഭീകരവേട്ടയാടലുകളെ കേരളത്തിലെ സി.പി.എം അതിജീവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി അവസാനിച്ചെന്ന് പല ഘട്ടത്തിലും പലരും വിധിയെഴുതിയെന്നും പിണറായി പറഞ്ഞു. സി.പി.എം 23ാം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പദ്ധതികൾക്കെതിരെ കോൺഗ്രസും മുസ്ലിം ലീഗും ബി.ജെ.പിയും കൈകോർക്കുന്നു. ഒരു വികസന പദ്ധതിയും നാട്ടിൽ നടക്കരുതെന്നാണ് ഇവരുടെ നിലപാട്. ഇക്കൂട്ടർ ഓരോ ദിവസവും ശോഷിച്ചു വരികയാണെന്നും പിണറായി ആരോപിച്ചു.
ഏപ്രിൽ ആറുമുതൽ 10 വരെ കണ്ണൂർ നഗരത്തിലെ നായനാർ അക്കാദമിയിലാണ് പ്രതിനിധി സമ്മേളനം നടക്കുക. അനുബന്ധ പരിപാടികൾ കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കും. സമാപന സമ്മേളനം ഏപ്രിൽ 10ന് വൈകീട്ട് കണ്ണൂർ ജവഹർ സ്റ്റേഡിയം ഗ്രൗണ്ടിലാണ്. ലക്ഷത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. പാർട്ടി കോൺഗ്രസിൽ ആകെ 811 പ്രതിനിധികളാണുണ്ടാവുക. ഏറ്റവും കൂടുതൽ പ്രതിനിധികൾ കേരളത്തിൽ നിന്നാണ്. 178 പേർ. ബംഗാളിൽ നിന്ന് 163 പേരും.