തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. കൊവിഡ് സ്ഥിതിയില്‍ മാറ്റം വരുമ്പോള്‍ മാര്‍ച്ചില്‍ നിശ്ചയിച്ച ദിവസങ്ങളില്‍ തന്നെ സംസ്ഥാന സമ്മേളനം നടത്താനാണ് സിപിഎം നീക്കങ്ങള്‍. സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെതിരായ സ്വപ്നയുടെ പുതിയ ആരോപണങ്ങള്‍ സര്‍ക്കാരിന് എതിരെ തിരിയുമ്പോള്‍ ഇതിലെ രാഷ്ട്രീയ പ്രതിരോധം എങ്ങനെ വേണമെന്നതും ചര്‍ച്ചയാകും. മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിന കര്‍മ്മ പദ്ധതിയും ചര്‍ച്ചയാകും. യോഗി ആദിത്യനാഥിന്റെ കേരളത്തിനെതിരായ വിമര്‍ശനങ്ങളും ബിജെപിക്കെതിരെ ആയുധമാക്കാനാണ് സിപിഎം നീക്കം. ചികിത്സാ ഇടവേളക്കും യുഎഇ സന്ദര്‍ശനത്തിനും ശേഷം മുഖ്യമന്ത്രി പിണറായി വിജയനും ഇന്നത്തെ പാര്‍ട്ടി നേതൃയോഗത്തില്‍ എത്തും.
ലോകായുക്ത ഓര്‍ഡിനന്‍സ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കും സാധ്യതയുണ്ട്. ലോകായുക്താ ഭേദഗതിയില്‍ സിപിഐയുടെ എതിര്‍പ്പ് അവരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് നേരത്തെ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. മന്ത്രിസഭയില്‍ ഒരു അഭിപ്രായ വ്യത്യാസവുമുണ്ടായില്ല. ഇടതുമുന്നണിയിലെ തര്‍ക്കങ്ങള്‍ മുന്നണിയിലും ഉഭയകക്ഷി രീതിയിലും ചര്‍ച്ച ചെയ്യും. മന്ത്രിസഭയില്‍ എതിര്‍പ്പ് രേഖപ്പെടുത്താതെ പുറത്ത് എതിര്‍പ്പ് പറയുന്നത് ശരിയാണോ എന്ന ചോദ്യത്തിന് നോ കമന്റ്‌സ് എന്നായിരുന്നു കോടിയേരിയുടെ മറുപടി. ഗവര്‍ണറും സര്‍ക്കാരുമായും തര്‍ക്കമില്ലെന്ന് കോടിയേരി വ്യക്തമാക്കി. ഇതിനിടെ ലോകായുക്തയ്‌ക്കെതിരെയുള്ള ആരോപണങ്ങളില്‍ മുന്‍മന്ത്രി കെ ടി ജലീലിനെ സിപിഎം തള്ളിയിരുന്നു. ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജലീല്‍ പാര്‍ട്ടി അംഗമല്ല. അദ്ദേഹം ഇപ്പോഴും സ്വതന്ത്രനാണെന്നും പാര്‍ട്ടിയുടെ അഭിപ്രായമല്ല ജലീല്‍ പറയുന്നതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
ലോകായുക്തയ്‌ക്കെതിരെ ഒരു ആരോപണവും സിപിഎം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോകായുക്ത നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്. മന്ത്രി ബിന്ദുവിനെതിരെയുള്ള പരാതിയില്‍ മന്ത്രി തെറ്റ് ചെയ്തിട്ടില്ല എന്ന് ലോകായുക്ത വ്യക്തമായി. വിധി സ്വാഗതാര്‍ഹമാണ്. ലോകായുക്തയുടെ മുന്നില്‍ വരുന്ന ഒരു വിധിയും തടയുന്ന നീക്കം പുതിയ ഭേദഗതിയില്‍ ഇല്ലെന്നും കോടിയേരി പറഞ്ഞു.