തിരുവനന്തപുരം: ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകളിൽനിന്നു രക്ഷനേടാൻ സിപിഎം പ്രവർത്തകർ ഓടിയെത്തുന്നത് ബിജെപി ഓഫിസുകളിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സിപിഎം പാർട്ടി കോൺഗ്രസ് പറയുന്നതു മുഖ്യ ശത്രു ബിജെപിയാണെന്നാണ്. എന്നാൽ ബംഗാളിലെ അണികളെ പോലും സിപിഎമ്മിന് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാധിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപി സ്ഥാപന ദിനത്തോടനുബന്ധിച്ച് സംസ്ഥാന കാര്യാലയത്തിൽ നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു സുരേന്ദ്രൻ.
ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി ബിജെപി മാറി കഴിഞ്ഞു. 301 സീറ്റുകളുമായി ലോക്സഭയിലും 101 സീറ്റുകളോടെ രാജ്യസഭയിലും പാർട്ടി ഉജ്ജ്വലമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. 18 സംസ്ഥാനങ്ങളിൽ ബിജെപി സഖ്യമാണു ഭരിക്കുന്നത്. ഇടതുപാർട്ടികൾ ഇന്ന് കേരളത്തിൽ മാത്രമായി ഒതുങ്ങി. കോൺഗ്രസുമായി കൂട്ടുകൂടിയാലും നരേന്ദ്രമോദി സർക്കാരിനെ തകർക്കണം എന്ന സിപിഎമ്മിന്റെ ആഗ്രഹം നടക്കില്ലെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരത്തു പ്രകടനത്തിന് കെ.സുരേന്ദ്രൻ നേതൃത്വം നൽകി. പാർട്ടി ആസ്ഥാനത്ത് മുതിർന്ന നേതാവ് ഒ.രാജഗോപാൽ പതാക ഉയർത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തത് വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചു. ചടങ്ങിൽ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചുള്ള മെട്രോമാൻ ഇ.ശ്രീധരൻ, കെ.പി. ശ്രീശൻ എന്നിവരുടെ പുസ്തകങ്ങൾ കെ.സുരേന്ദ്രൻ മുതിർന്ന നേതാക്കളായ ഒ.രാജഗോപാൽ, കെ.രാമൻ പിള്ള എന്നിവർക്കു നൽകി പ്രകാശനം ചെയ്തു.