കൊച്ചി: ദിലീപിനെതിരായ വധഗൂഡാലോചന കേസില്‍ വ്യാജ തെളിവുകള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സൈബര്‍ വിദഗ്ധന്‍ ഹൈക്കോടതിയില്‍. കോഴിക്കോട് സ്വദേശി സായ് ശങ്കറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ദിലീപിനും അഭിഭാഷകനുമെതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം.
അഭിഭാഷകന്‍റെ നിര്‍ദേശപ്രകാരം താനാണ് ദിലീപിന്‍റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്ന് മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് നിര്‍ബന്ധിക്കുന്നു. മുന്‍വൈരാഗ്യം വച്ച് ഡിവൈഎസ്പി ബൈജു പൗലോസ് തന്നെ ഈ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. ചോദ്യം ചെയ്യാനെന്ന പേരില്‍ വിളിച്ചു വരുത്തി തന്നെ പീഡിപ്പിക്കുകയാണ് ക്രൈംബ്രാഞ്ച്. എസ്പി സുദര്‍ശന്‍റെ അറിവോടെയാണ് ബൈജു പൗലോസിന്‍റെ നടപടികളെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി നോട്ടിസ് നല്‍കാതെ സായ്ശങ്കറിനെ ചോദ്യം ചെയ്യരുതെന്ന് ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി.