തിരുവനന്തപുരം: ഓടുന്ന ട്രെയിനിൽ ചാടികയറാൻ ശ്രമിക്കവെ പിടിവിട്ട് ട്രെയിനിനടിയിലേക്ക് വീണയാളുടെ ജീവൻ രക്ഷിച്ച പൊലീസുകാരനെ അഭിനന്ദിച്ച് സഹപ്രവർത്തകർ. ഒരു ജീവനെ കാത്ത് രക്ഷിച്ച കാക്കിയിട്ട കൈകൾ എന്ന കുറിപ്പോടെ തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥൻ ജ്യോതിഷ് ആർ കെ ആണ് സഹപ്രവർത്തകന്‍റെ മനോധൈര്യത്തിലൂടെ ഒരാളുടെ ജീവൻ രക്ഷപ്പെട്ട കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചത്. തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ചിലെ പ്രതീഷാണ് സ്വന്തം ജീവൻ പോലും നോക്കാതെ ട്രെയിനിനടിയിലേക്ക് വീണയാളെ വലിച്ചുകയറ്റി രക്ഷിച്ചത്.പ്ലാറ്റ്‌ഫോമിൽ നിന്നും ട്രെയിൻ വിടുന്ന സമയം ചാടിക്കയറാൻ ശ്രമിച്ച മധ്യവയസ്കനെയാണ് പ്രതീഷ് രക്ഷിച്ചത്. ട്രെയിൻ വേഗതയിൽ ആയതിനാൽ അവൻ അയാളോട് ചാടി കയറരുത് അപകടം സംഭവിക്കും എന്ന് പ്രതീഷ് പറഞ്ഞു. അയാൾ കേട്ടോ ഇല്ലയോ അറിയില്ല. പക്ഷേ ചാടി കയറാൻ ശ്രമിച്ചു. പിടി വിട്ട് ട്രെയിനിന്‍റെ അടിയിലേക്ക് ശരീരത്തിന്‍റെ പകുതിയും പോയി. ഭാഗ്യത്തിന് അയാളുടെ ഒരു കൈയിൽ അവന് പിടികിട്ടി. അവന്‍റെ കഴിവിന്‍റെ പരമാവധി ശക്തിയെടുത്ത് അയാളെ വലിച്ചുകയറ്റിയെന്നാണ് സഹപ്രവർത്തകൻ കുറിച്ചിരിക്കുന്നത്.