ന്യൂഡൽഹി : വേനൽക്കാലത്ത് വൈദ്യുതി ഉപയോഗം കൂടുകയും താപനിലയങ്ങളിൽ കൽക്കരി ശേഖരം കുറയുകയും ചെയ്തതോടെ, പ്രശ്നപരിഹാരത്തിന് അടിയന്തര നീക്കവുമായി കേന്ദ്രസർക്കാർ. വിവിധ സംസ്ഥാനങ്ങളിലായി 657 മെയിൽ, പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. മേയ് 24 വരെയാണ് റദ്ദാക്കൽ നടപടി. കൽക്കരിയുമായി പോകുന്ന ട്രെയിനുകളുടെ യാത്ര വേഗത്തിലാക്കാനാണ് വിവിധ സംസ്ഥാനങ്ങളിലെ ട്രെയിനുകൾ റദ്ദാക്കിയത്.
657ൽ അഞ്ഞൂറിൽ കൂടുതലും ദീർഘദൂര മെയിൽ, എക്സ്പ്രസ് ട്രെയിനുകളാണ്. 148 എണ്ണം പാസഞ്ചർ ട്രെയിനുകളും. ഇവ റദ്ദാക്കി, ദിവസേന കൽക്കരിയുമായി പോകുന്ന ട്രെയിനുകളുടെ എണ്ണം വളരെയധികം ഉയർത്തി. താപനിലയങ്ങളിൽ കൽക്കരി ശേഖരം കുറയുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം ഛത്തീസ്ഗഡ് എംപിമാരുടെ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കിയ മൂന്ന് ട്രെയിനുകൾ സർവീസ് നടത്തി.
രാജ്യത്തെ 150 കൽക്കരി നിലയങ്ങളിൽ 81 എണ്ണത്തിലും കൽക്കരി ക്ഷാമം നേരിടുന്നുവെന്ന് മുൻപ് പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. ഉത്തരേന്ത്യ കനത്ത ഉഷ്ണത്തിലൂടെ കടന്നുപോകുന്നതിനാൽ വൈദ്യുതിയുടെ ഉപഭോഗം കൂടി. ഇതിനനുസരിച്ച് വൈദ്യുതി ഉൽപ്പാദനത്തിനായുള്ള കൽക്കരി ലഭ്യമല്ല. ഇതോടെ പല സംസ്ഥാനങ്ങളിലും ആവശ്യത്തിന് വൈദ്യുതി കിട്ടാതായെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രതിസന്ധി രൂക്ഷമാണ്.