തിരുവനന്തപുരം : ഇന്ത്യന്‍ ഭരണഘടനയെ വിമർശിച്ച സാംസ്കാരിക മന്ത്രി സജി ചെറിയാന്റേത് സംഘപരിവാറിന്‍റെ ഭാഷയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഭരണഘടനയെ അപമാനിക്കുന്നത് സംഘപരിവാറാണ്. ഭരണഘടനാ ശില്‍പി ഡോ. ബി.ആർ.അംബേദ്കറെയും സംവരണത്തെയും സജി ചെറിയാന്‍ അവഹേളിച്ചു. സജി ചെറിയാനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘‘ഒരു നിമിഷം പോലും മന്ത്രിസഭയിൽ തുടരാൻ അദ്ദേഹത്തിന് അവകാശമില്ല. അദ്ദേഹം രാജിവയ്ക്കണം. അല്ലെങ്കിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് മന്ത്രിസഭയിൽനിന്നു പുറത്താക്കണം. ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കാത്ത, ബഹുമാനിക്കാത്ത, അധിക്ഷേപിക്കുന്ന ഒരു മന്ത്രി മന്ത്രിസഭയിൽ തുടരുകയെന്നത് ഭരണഘടനയെ സ്നേഹിക്കുന്ന ആർക്കും അംഗീകരിക്കാനാകില്ല’’ – അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന പരിപാടിക്കിടെയാണ് മന്ത്രി ഗുരുതര പരാമർശം നടത്തിയത്. രാജ്യത്ത് ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പരാമർശം വിവാദമായതിനു പിന്നാലെ, ഭരണഘടനയെ ആക്ഷേപിച്ചിട്ടില്ലെന്ന് മന്ത്രി നിയമസഭയില്‍ വിശദീകരിച്ചിരുന്നു.