അഹമ്മദാബാദ് : വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിൽ തിളങ്ങാതിരുന്ന വിരാട് കോലിയെ ശക്തമായി പിന്തുണച്ച് രോഹിത് ശര്‍മ്മ. കോലിയുടെ ഫോമിനെ കുറിച്ച് ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന് ഒരു ആശങ്കയുമില്ലെന്ന് നായകന്‍ പറഞ്ഞു. കോലി ദക്ഷിണാഫ്രിക്കയിൽ നന്നായി കളിച്ചിരുന്നതായും രോഹിത് ചൂണ്ടിക്കാട്ടി. കോലിയുടെ ബാറ്റിംഗില്‍ ഒരു പ്രശ്നവുമില്ലെന്നും ഹിറ്റ്‌മാന്‍ പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ മൂന്ന് ഏകദിനങ്ങളില്‍ 26 റൺസ് മാത്രമാണ് കോലി നേടിയത്. 2015 ജൂണിന് ശേഷം ആദ്യമായാണ് കോലി ഒരു ഏകദിന പരമ്പരയിൽ ഒരു അര്‍ധസെഞ്ചുറി പോലും നേടാത്തത്. മാത്രമല്ല, 71-ാം അന്താരാഷ്‌ട്ര സെഞ്ചുറിക്കായി നീണ്ട കാത്തിരിപ്പിലാണ് വിരാട് കോലി. 2019 നവംബറിലാണ് കോലി അവസാനമായി ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ മൂന്നക്കം തികച്ചത്.
കോലി നിരാശപ്പെടുത്തിയെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ടീം ഇന്ത്യ തൂത്തുവാരി. മൂന്നാം മത്സരത്തിൽ 96 റൺസിന് ഇന്ത്യ ജയിച്ചു. 266 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 169 റൺസിന് ഓള്‍ഔട്ടായി. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതവും ദീപക് ചാഹര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റുചെയ്ത ഇന്ത്യക്കായി 80 റൺസെടുത്ത ശ്രേയസ് അയ്യറും 56 റൺസെടുത്ത റിഷഭ് പന്തുമാണ് തിളങ്ങിയത്. 13 റൺസെടുത്ത നായകന്‍ രോഹിത് ശര്‍മ്മയും 10 റൺസെടുത്ത ശിഖര്‍ ധവാനും നിരാശപ്പെടുത്തി. വിരാട് കോലി പൂജ്യത്തിന് പുറത്തായി. ശ്രേയസ് അയ്യര്‍ ആണ് മാന്‍ ഓഫ് ദ് മാച്ച്. ആദ്യമായാണ് വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ എല്ലാ കളിയും ഇന്ത്യ ജയിക്കുന്നത്. രോഹിത് നായകനായ ശേഷമുള്ള ആദ്യ ഏകദിന പരമ്പരയായിരുന്നു ഇത് എന്ന സവിശേഷതയുമുണ്ട്.