ദില്ലി: ഗോൽഗപ്പ കഴിയ്ക്കാൻ ദില്ലിയിലെ ബംഗാളി മാർക്കറ്റിലെത്തി രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസമാണ് രാഷ്ട്രീയ തിരക്കുകൾ മാറ്റിവെച്ച് രാഹുൽ ദില്ലിയിലെ മാർക്കറ്റിൽ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരും രാഹുലിന്റെ കൂടെ ഉണ്ടായിരുന്നു. ജീൻസും നീല ടീ ഷർട്ടും ധരിച്ചെത്തിയ രാഹുൽ മാർക്കറ്റിൽ ഏറെ നേരം ചെലവഴിച്ചു. ചുറ്റും കൂടിയ ആളുകളുമായി വിശേഷം പങ്കിട്ടു. ശേഷം അദ്ദേഹം ഓൾഡ് ദില്ലിയിലും പോയി. അവിടെ നിന്ന് തണ്ണീർ മത്തനാണ് രാഹുൽ കഴിച്ചത്. അവിടെയും ആളുകളുമായി സംസാരിച്ചു. ഓൾഡ് ദില്ലിയിൽ രാഹുലിനെ കാണാൻ നിരവധി പേരാണ് തടിച്ചു കൂടിയത്.
കർണാടകയിലെ കോലാറിലെ പ്രസംഗത്തിന്റെ പേരിൽ കോടതി കുറ്റക്കാരനാണെന്ന് വിധിച്ചതോടെ രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ദില്ലിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞത്. അയോഗ്യനാക്കിയതിന് പിന്നാലെ രാഹുൽ തന്റെ മണ്ഡലമായിരുന്ന വയനാട് സന്ദർശിച്ചിരുന്നു.