കോഴിക്കോട്: താമരശേരി കൊളമല വനപ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ക്രഷര്‍ ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന പരാതി ശരിയല്ലെന്ന് ജില്ലാ ജിയോളജിസ്റ്റ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. എന്നാല്‍ വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായെന്ന പരാതി വിദഗ്ധര്‍ അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ജിയോളജിസ്റ്റ് പരിശോധന നടത്തിയ ശേഷമാണ് കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ക്രഷറിന്റെ പ്രവര്‍ത്തനം കാരണം സമീപ പ്രദേശങ്ങളിലെ വീടുകളില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2030 വരെ ക്രഷറിന് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ല.
കമ്മീഷന്‍ നിര്‍ദേശാനുസരണം പ്രദേശവാസികളുടെ വീടുകള്‍ക്കുണ്ടായിട്ടുള്ള കേടുപാടുകള്‍ പരിശോധിക്കേണ്ടതാണെന്ന് ജിയോളജിസ്റ്റ് അറിയിച്ചു. വീടുകള്‍ക്ക് ഉണ്ടായതായി പറയുന്ന കേടുപാടുകള്‍ നിര്‍മ്മാണത്തിലെ അപാകതകള്‍ കാരണമാകാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു നിര്‍മ്മാണ വിദഗ്ദ്ധന്റെ അഭിപ്രായം ഇക്കാര്യത്തില്‍ തേടേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീട്, റോഡ്, പൊതുസ്ഥലങ്ങള്‍ എന്നിവയുമായി ക്വാറികള്‍ക്കുള്ള ദൂരപരിധി 100ല്‍ നിന്നും 50 ആക്കി കുറച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് തീര്‍പ്പാക്കി. കൊളമല റൂബി ക്രഷറിനെതിരെ എ സി ഫ്രാന്‍സിസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.