തിരുവനന്തപുരം: അന്ധവിശ്വാസത്തെയും അനാചാരത്തെയും പ്രതിരോധിച്ച് മുന്നോട്ടുപോകാൻ കേരളത്തിൽ സ്ത്രീകൾക്ക് കഴിഞ്ഞെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത പറഞ്ഞു. രാജ്യം സ്വാതന്ത്ര്യം നേടി 76 വർഷം പിന്നിട്ടിട്ടും സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നുവെന്നും അവർ പറഞ്ഞു. സ്‌ത്രീസംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “ഇന്ത്യയെ രക്ഷിക്കാൻ വനിതകളുടെ സ്നേഹക്കൂട്ടായ്മ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.വിദ്യാഭ്യാസ –ആരോഗ്യരംഗത്ത് കേരളത്തിലെ സ്ത്രീകൾ വളരെ മുന്നിലാണ്. ജാതിയോ മതമോ പ്രാദേശികവാദമോ കേരളത്തിൽ ഇല്ല. ഏകസിവിൽ കോഡിന്റെയും വംശീയ കലാപങ്ങളിലൂടെയും ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങളെ തടയാനായെന്നും പറഞ്ഞു.
കർഷക തൊഴിലാളി യൂണിയൻ വനിതാ വിഭാഗം ജില്ലാ കൺവീനർ ഷേർളി കുമാർ അധ്യക്ഷയായി. മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റിയംഗം എം ജി മീനാംബിക, സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് പുഷ്പലത, സംസ്ഥാന കമ്മിറ്റിയംഗം വി അമ്പിളി, ജില്ലാ പ്രസിഡന്റ് ശകുന്തള കുമാരി, സെക്രട്ടറി ശ്രീജ ഷൈജുദേവ്, ട്രഷറർ ജയശ്രീ ഗോപി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശോഭനകുമാരി, സിഐടിയു വർക്കിങ് വുമെൻ കോ ഓർഡിനേഷൻ ജില്ലാ കൺവീനർ സുമ, കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം വസന്തകുമാരി തുടങ്ങിയവർ സംസാരിച്ചു.