കളമശേരി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വകുപ്പിലെ അധ്യാപകൻ ഡോ.പി. വിനോദ്, ഫിസിക്സ് ഗവേഷണ വിദ്യാർഥികളായിരുന്ന ഡോ.എം.ജസ്ന, ഡോ.എം.മനോജ് എന്നിവർക്കു വിഖ്യാത ശാസ്ത്രജ്ഞ മാഡം ക്യൂറിയുടെ പേരിൽ യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ മേരി സ്ക്ലോഡോവ്്സ്ക- ക്യൂറി ആക്‌ഷൻസ് (എംഎസ്‌സിഎ) റിസർച് ഫെലോഷിപ് ലഭിച്ചു.
സൈബർ സുരക്ഷാ സംവിധാനങ്ങളുടെ ഫലപ്രാപ്തി വർധിപ്പിക്കുന്ന ഒപ്റ്റിമ എന്ന പ്രോജക്ടിനാണു ഡോ. വിനോദിന് ഫെലോഷിപ്. 2 വർഷ പ്രോജക്ടിന് 1.58 കോടി രൂപ ഗ്രാന്റ്.ഡെൽഫ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലാണു ഗവേഷണം നടത്തുക. തൃശൂർ ആമ്പല്ലൂർ ഗിർവിൻ ഹൗസിൽ പരേതനായ കെ.ഗോവിന്ദൻകുട്ടിയുടെയും പി.രമാദേവിയുടെയും മകനാണ്. പുതിയതരം ഹൈബ്രിഡ് സോളിഡ് പോളിമർ ഇലക്ട്രോലൈറ്റ് ഉപയോഗിച്ച് സ്വയം ഡിസ്ചാർജ് ചെയ്യുന്ന ഓൾ-സോളിഡ്-സ്റ്റേറ്റ് സൂപ്പർ കപ്പാസിറ്ററുകൾ സംബന്ധിച്ച പ്രോജക്ടിനാണ് ഡോ.ജസ്നയ്ക്കു ഫെലോഷിപ് ലഭിച്ചത്.
ഫിൻലൻഡിലെ ഉളു സർവകലാശാല മൈക്രോ ഇലക്ട്രോണിക്സ് റിസർച് യൂണിറ്റിലാണു ഗവേഷണം. 1.67കോടി രൂപയാണ് ഫെലോഷിപ്. പ്രഫ. എം.കെ. ജയരാജിന്റെ കീഴിലായിരുന്നു ഗവേഷണം. മലപ്പുറം നിലമ്പൂർ സ്വദേശി. ഇലഞ്ഞി മങ്ങാട്് മണ്ണായിൽ വീട്ടിൽ മുഹമ്മദ് കുട്ടിയുടെയും അയിഷയുടെയും മകളാണ്. ഊർജ സംഭരണ ആപ്ലിക്കേഷനുകൾക്കായി ഉയർന്ന ശേഷിയുള്ള ഓൾ-സോളിഡ്-സ്റ്റേറ്റ് സിലിക്കൺ-ലിഥിയം-സൾഫൈഡ് സെല്ലുകൾ സംബന്ധിക്കുന്ന പ്രോജക്ടിനാണു ഡോ.മനോജിന് ഫെലോഷിപ് ലഭിച്ചത്.
ഫിൻലൻഡിലെ ഈസ്റ്റേൺ ഫിൻലൻഡ് സർവകലാശാലയിലാണു ഗവേഷണം. 1.81 കോടി രൂപയാണ് ഫെലോഷിപ്. പ്രഫ.എസ്.ജയലക്ഷ്മിയായിരുന്നു സൂപ്പർവൈസർ. ഇപ്പോൾ ഈസ്റ്റേൺ ഫിൻലൻഡ് സർവകലാശാലയിൽ അപ്ലൈഡ് ഫിസിക്സ് വകുപ്പിൽ ഗവേഷകനാണ്. പാരിപ്പള്ളി ജവാഹർ ജംക്‌ഷൻ അമ്പാടിയിൽ മുരളീധരൻ പിള്ളയുടെയും ലതാമണിയമ്മയുടെയും മകനാണ്.