കൊണ്ടോട്ടി: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസിൻ്റെ വൻ സ്വര്‍ണവേട്ട. മിഷൻ ടൊര്‍ണാഡോ: എന്ന പേരിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ആറ് കോടിയോളം രൂപ വിലമതിക്കുന്ന 11 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.
കസ്റ്റംസിൻ്റെ കൊച്ചി, കോഴിക്കോട്, കരിപ്പൂര്‍ വിഭാഗങ്ങൾ ചേര്‍ന്നു നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇത്രയേറെ സ്വര്‍ണം പിടിച്ചത്. സ്വര്‍ണവുമായി വിവിധ വിമാനങ്ങളിൽ കരിപ്പൂരിൽ എത്തിയ പത്ത് യാത്രക്കാരും കസ്റ്റംസിൻ്റെ പിടിയിലായി. സമീപകാലത്ത് വലിയ രീതിയിലുള്ള സ്വര്‍ണക്കടത്ത് കരിപ്പൂര്‍ വഴി നടക്കുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിൻ്റെ പ്രത്യേക ഓപ്പറേഷൻ. സമീപകാലത്ത് കരിപ്പൂരിൽ നടന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടയാണ് ഇത്.
നെടുമ്പാശ്ശേരി രാജ്യാന്തരവിമാനത്താവളത്തിൽ ഡിആർഐയും ഇന്ന് സ്വർണവേട്ട നടത്തി. ക്വാലാലംപൂരിൽ നിന്നും വന്ന മലപ്പുറം സ്വദേശികളായ അബ്ദുൾ ഗഫൂർ, അബ്ദുൾ റഷീദ് എന്നിവരിൽ നിന്നായി 1968 ഗ്രാം സ്വർണമാണ് രഹസ്യ വിവരത്തെ തുടർന്ന് സി ആർ ഐ എത്തി പിടികൂടിയത്.