കണ്ണൂര്‍: കൊട്ടിയൂർ ബിജു വധക്കേസിൽ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും. രണ്ടു വർഷം മുമ്പാണ് ആസിഡ് എറിഞ്ഞും വെട്ടിയും ബിജുവിനെ കൊലപ്പെടുത്തിയത്. ഒന്നാം പ്രതി ജോസിനെതിരെ നൽകിയ കേസാണ് കൊലപാതകത്തിലേക്ക് എത്തിയത്. 2021 ഒക്ടോബർ 10ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ജീപ്പുമായി വരികയായിരുന്ന ബിജുവിനെ പ്രതികളായ മങ്കുഴി വീട്ടിൽ ജോസും ശ്രീധരനും തടഞ്ഞു. ബക്കറ്റിൽ കരുതിയ ഫോർമിക്ക് ആസിഡ് ബിജുവിന് നേരെ എറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജു ഒരു മാസത്തിനകം മരിച്ചു.
ബിജുവിന്റെ ഭാര്യ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അഡ്വ.കെ വിശ്വൻ സ്പെഷ്യൽ പ്രോസിക്യൂട്ടറായെത്തി. വിചാരണ വേളയിൽ ബിജുവിന്റെ മരണ മൊഴി നിർണായകമായി. 45 സാക്ഷികളെ വിചാരണയ്ക്കിടയില്‍ വിസ്തരിച്ചു. 51 രേഖകളും 12 തൊണ്ടിമുതലും ഹാജരാക്കി. ബിജുവിന്റെ മാതാവിനെ അപായപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയുടെ വിധിയിൽ പ്രതികള്‍ക്ക് ജീവപര്യന്തം തടവും 1,60,000 രൂപ പിഴയുമാണ് ശിക്ഷ.












