ലണ്ടൻ: സാങ്കേതികതകരാറിനെ തുടർന്ന് ലണ്ടനിൽ നിന്നും ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവേയ്സ് വിമാനം തിരികെ പറന്നു. ചെറിയ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം തിരികെ പറക്കുകയായിരുന്നുവെന്ന് ബ്രിട്ടീഷ് എയർവേയ്സ് അറിയിച്ചു.
ബോയിങ്ങിന്റെ 787-8 വിമാനത്തിനാണ് തകരാറുണ്ടായത്. ലണ്ടനിൽ നിന്നും പുറപ്പെട്ട് 40 മിനിറ്റ് സഞ്ചരിച്ച് ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിന് മുകളിലെത്തിയപ്പോഴാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ലണ്ടനിലെ ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരികെ പറക്കുകയായിരുന്നു.
തുടർന്ന് ലണ്ടൻ വിമാനത്താവളത്തിലെ 27L റൺവേയിൽ വിമാനം സുരക്ഷിതമായി ഇറങ്ങി. തുടർന്ന് ടാക്സിവേയിൽ വെച്ച് വിമാനം അഗ്നിശമന ഉദ്യോഗസ്ഥർ പരിശോധിച്ചതിന് ശേഷം ഗേറ്റിനടുത്തേക്ക് മാറ്റി.വിമാനം വൈകിയ വിവരം ബ്രിട്ടീഷ് എയർവേയ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. സാങ്കേതിക തകരാർ മൂലമാണ് വിമാനം വൈകിയതെന്നും കമ്പനി അറിയിച്ചു.
യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുകയാണെന്നും അവരെ തിരികെ കൊണ്ടു പോകുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും ബ്രിട്ടീഷ് എയർവേയ്സ് വ്യക്തമാക്കി. അതേസമയം, പ്രാദേശിക സമയം അഞ്ച് മണിക്ക് വിമാനം ഡൽഹിയിലേക്ക് വീണ്ടും പറക്കുമെന്നാണ് റിപ്പോർട്ട്.