തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി രണ്ടാഴ്ചയിലേറെയായി നടത്തിവന്ന നിരാഹാര സമരം താൽകാലികമായി അവസാനിപ്പിച്ചു. സർക്കാർ ഉറപ്പുകൾ പാലിക്കുമെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് സമരം നിർത്തുന്നതെന്ന് ദയാബായി പറഞ്ഞു.
എയിംസ് അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമുണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു. ആരോഗ്യമന്ത്രി വീണ ജോർജ് ആശുപത്രിയിലെത്തിയാണ് ദയാബായിയെ തീരുമാനങ്ങൾ അറിയിച്ചത്. ആദ്യത്തെ രേഖയിൽ അവ്യക്തത ഉണ്ടെന്നു പറഞ്ഞപ്പോൾ തിരുത്തി നൽകിയെന്നും മന്ത്രി പറഞ്ഞു.സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിലായിരുന്നു രണ്ടാഴ്ചയായി ദയാബായി സമരം നടത്തിയിരുന്നത്. കാസർകോട്ടെ അഞ്ച് ആശുപത്രികളിൽ വിദഗ്ധ ചികിത്സ സംഘത്തെ നിയോഗിക്കുക, എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, എൻഡോസൾഫാൻ ബാധിതർക്കായി നടത്താറുള്ള ചികിത്സ ക്യാമ്പ് പുനരാരംഭിക്കുക, എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർകോടിനെ കൂടി പരിഗണിക്കുക തുടങ്ങിയ 90 ഓളം ആവശ്യങ്ങളാണ് ഉന്നയിച്ചിരുന്നത്.