മുംബൈ∙ പുണെയിൽ കടയിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. രാജസ്ഥാൻ സ്വദേശികളായ ദമ്പതിമാരും ഇവരുടെ രണ്ടുമക്കളുമാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയായിരുന്നു തീപിടിത്തം.അപ്പാർട്ട്‌മെന്റ് സമുച്ചയത്തിന് താഴെയായി ഇലക്‌ട്രിക് ഹാർഡ് വെയർ ഷോപ്പ് നടത്തുകയായിരുന്നു. ഇതിനോടു ചേർന്നുള്ള മുറിയിലാണിവര്‍ താമസിച്ചിരുന്നത്. കടയിൽനിന്ന് തീ, സമീപത്തെ മുറിയിലേക്കും പടരുകയായിരുന്നു. അപ്പാർട്ട്മെന്റിലേക്കും തീ പടർന്നെങ്കിലും അഗ്നിരക്ഷാസേനയുടെ ഇടപെടലിൽ തീ നിയന്ത്രണവിധേയമാക്കാനായി. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
			











                