ഹൈദരബാദ് : മായം ചേർത്ത കള്ള് കുടിച്ച് ഹൈദർഗുഡയിൽ മരിച്ചവരുടെ എണ്ണം നാലായി. ചികിത്സയിൽ കഴിയുന്ന 37 പേരിൽ പലരുടേയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയാണ് ആശുപത്രി അധികൃതർ മുന്നോട്ട് വെയ്ക്കുന്നത്. പ്രാദേശികമായി സംഭരിച്ച കള്ളിൽ വീര്യം കൂട്ടാനായി മായം ചേർത്തതായാണ് സംശയിക്കുന്നത്. ഹൈദരാബാദിലെ കുകാട്പള്ളിയിലാണ് സംഭവം. നിംസ് ആശുപത്രിയിൽ മാത്രം ചികിത്സയിൽ കഴിയുന്നത് 31 പേരാണ്. നാല് രോഗികളുടെ നില അതീവ ഗുരുതരമെന്നാണ് ആശുപത്രി വിശദമാക്കുന്നത്.
ബുധനാഴ്ച വൈകുന്നേരത്തോടെ ചികിത്സ തേടിയവരുടെ എണ്ണം 37ആയി. ലാബോറട്ടറിയിൽ നിന്ന് കള്ളിന്റെ സാംപിൾ പരിശോധനാ ഫലം വന്നാലാണ് കൃത്യമായ കാരണം അറിയാനാവൂ എന്നാണ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വിശദമാക്കുന്നത്. സംഭവത്തിൽ 6 പേർ അറസ്റ്റിലായിട്ടുണ്ട്. അഞ്ചിലേറെ കേസുകളാണ് ഇവർക്കെതിരെയുള്ളത്. വിവിധ ഇടങ്ങളിൽ നിന്നുള്ള സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ജൂലൈ ഏഴ് മുതൽ കള്ളു കുടിച്ചവരാണ് അവശനിലയിലായതും നാല് പേർ മരിച്ചതും.