തിരുവനന്തപുരം : കൂട്ടുകാരായ പെൺകുട്ടികളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ കച്ചവടക്കാരനെ ചോദ്യംചെയ്ത വിദ്യാർഥിയെ കഴക്കൂട്ടം പോലീസ് മർദ്ദിച്ചതായി പരാതി. കഴക്കൂട്ടം ജങ്ഷനിൽ ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് സംഭവം. നെടുമങ്ങാട് സ്വദേശി അഭിഷേകിനാണ് പോലീസ് മർദ്ദനത്തിൽ പരിക്കേറ്റത്. പരിക്കേറ്റ അഭിഷേകിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാക്ക ഐ.ടി.ഐ. വിദ്യാർഥികളായ അഭിഷേകും സഹപാഠികളായ വിദ്യാർഥിനികളും ജങ്ഷനിൽ സംസാരിച്ചു നിൽക്കുകയായിരുന്നു. ഈസമയം സമീപത്തെ കടക്കാരൻ പെൺകുട്ടികളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ഇത് അഭിഷേക് തടഞ്ഞു. ഉടനെ കച്ചവടക്കാരൻ പോലീസിനെ വിളിച്ചു പോലീസെത്തി ജീപ്പിൽ കയറ്റുമ്പോഴും സ്റ്റേഷനിലേക്കു കൊണ്ടുപോകുമ്പോഴും മുതുകത്തും മുഖത്തും മർദ്ദിച്ചെന്ന് അഭിഷേക് പറയുന്നു. എ.ഐ.എസ്.എഫ്. ലോക്കൽ കമ്മിറ്റി അംഗമാണ് അഭിഷേക്.