ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിൽ ജൂലൈയിൽ വാദം കേൾക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് കെഎം ജോസഫ് വിരമിക്കും മുമ്പ് തീർപ്പുണ്ടാകില്ല. പ്രതികൾക്കെല്ലാം നോട്ടീസ് കിട്ടിയിട്ടില്ല എന്ന സാങ്കേതിക വിഷയം കോടതി അംഗീകരിക്കുകയായിരുന്നു.
ബിൽക്കിസ് ബാനു കേസിൽ പ്രതികളെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതിയുടെ വിശദീകരണം ചോദിച്ചിരുന്നു. സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ബിൽക്കിസ് ബാനു കേസിൽ പ്രതികൾ കുറ്റം ചെയ്ത രീതി ഭയാനകമെന്നും ജസ്റ്റിസുമാരായ കെ എം ജോസഫ് , ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളെ വിട്ടയച്ചതിന് കൃത്യമായ കാരണങ്ങൾ ഗുജറാത്ത് സർക്കാർ ബോധിപ്പിക്കണമെന്നും ജസ്റ്റിസ് കെ എം ജോസഫ് ആവശ്യപ്പെട്ടിരുന്നു.