ദില്ലി: രാജ്യത്തെ ലോ-കോസ്റ്റ് കാരിയറായ ഗോ ഫസ്റ്റ്, നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ സ്വമേധയാ പാപ്പരത്ത പരിഹാര നടപടികൾക്കായി ഫയൽ ചെയ്തു. മെയ് 3, 4 തീയതികളിലെ എല്ലാ ഫ്ലൈറ്റുകളും ഗോ ഫസ്റ്റ് റദ്ദാക്കിയിട്ടുണ്ട്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനി രണ്ട് ദിവസത്തേക്ക് പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് കമ്പനിയുടെ സിഇഒ കൗശിക് ഖോന വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
എഞ്ചിനുകൾ വിതരണം ചെയ്യുന്നതിൽ പ്രാറ്റ് ആൻഡ് വിറ്റ്‌നിയുടെ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇത് പകുതിയിലധികം വിമാനങ്ങൾ നിലത്തിറക്കാൻ എയർലൈനിനെ നിർബന്ധിതമാക്കിയാതായി കൗശിക് ഖോന പറഞ്ഞു. കമ്പനി നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനോട് (എൻസിഎൽടി) സ്വമേധയാ പാപ്പരത്വം പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ട് എന്നും കൂടാതെ വ്യോമയാന സുരക്ഷയുടെ മേൽനോട്ടം വഹിക്കുന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) സമഗ്രമായ റിപ്പോർട്ട് നൽകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
5,000-ത്തിലധികം പേരാണ് ഗോ ഫസ്റ്റിൽ ജോലി ചെയ്യുന്നത്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ, സാധ്യതയുള്ള നിക്ഷേപകരുമായി ചർച്ച നടത്തുകയും ചെയ്യുന്നുണ്ട്. കൂടാതെ, യുഎസ് ആസ്ഥാനമായുള്ള എഞ്ചിൻ നിർമ്മാതാക്കൾക്കെതിരെ ഡെലവെയറിലെ ഫെഡറൽ കോടതിയിൽ ഒരു പരാതി ഫയൽ ചെയ്തു, നിലവിൽ, എയർലൈനിന്റെ 57 വിമാനങ്ങളിൽ 28 വിമാനങ്ങളുമായി ഗോ ഫസ്റ്റ് പ്രതിദിന പ്രവർത്തനങ്ങൾ നടത്തുന്നു, ശേഷിക്കുന്ന വിമാനങ്ങൾ അമേരിക്കൻ നിർമാതാക്കളായ പ്രാറ്റ് & വിറ്റ്നി വിതരണം ചെയ്യുന്ന എഞ്ചിനുകളിലെ തകരാർ കാരണം സർവീസ് നടത്തുന്നില്ല.